കാന്‍ബറ: ജയിച്ച കളി എങ്ങനെ തോല്‍ക്കാം എന്നതിന് ഇനി ഇന്ത്യന്‍ കളിക്കാരെ കണ്ട് മറ്റുള്ളവര്‍ക്ക് പഠിക്കാം. ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനമാണ് ഇതിന് മികച്ച മാതൃക. 46 റണ്‍സിനിടെ 9 വിക്കറ്റുകള്‍ വലിച്ചെറിഞ്ഞാണ് ഇന്ത്യ നാലാം ഏകദിനത്തില്‍ 25 റണ്‍സിന്റെ തോല്‍വി ഇരന്നുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റിന് 348 റണ്‍സെടുത്തു. 107 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിയും 93 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെയും 29 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സ്മിത്തിന്റെയും 20 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലിന്റെയും കരുത്തിലാണ് ഓസീസ് കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നിന് 277 എന്ന ശക്തമായ നിലയില്‍ നിന്ന് 323 റണ്‍സിന് ഓള് ഔട്ടായി ഓസ്ട്രേലിയക്ക് വിജയം സമ്മാനിക്കുകയായിരുന്നു. അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യക്ക് ധോണി ഉള്‍പ്പെടെയുള്ള ബാറ്റ്സ്മാന്മാരുടെ നിരുത്തരവാദപരമായ ബാറ്റിങ്ങാണ് പരാജയം സമ്മാനിച്ചത്. ഇന്ത്യന്‍ പരാജയത്തെ അതിദയനീയം എന്നല്ലാതെ വിശേഷിപ്പിക്കാന്‍ മറ്റൊന്നുമില്ല. 126 റണ്‍സെടുത്ത ശിഖര്‍ ധവാനും 106 റണ്‍സെടുത്ത വിരാട് കോഹ്ലിയും 41 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. 10 ഓവറില്‍ 68 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ പിഴുത റിച്ചാര്‍ഡ്സനാണ് ഇന്ത്യയെ തകര്‍ത്തത്. റിച്ചാര്‍ഡ്സനാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയില്‍ ഓസീസ് 4-0ന് മുന്നിലെത്തി.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലയിന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ഗംഭീര തുടക്കമാണ് കംഗാരുക്കള്‍ക്ക് നല്‍കിയത്.
ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഓപ്പണര്‍മാര്‍ അതിവേഗത്തില്‍ സ്കോര്‍ ഉയര്‍ത്തുകയും ചെയ്തു. 6.2 ഓവറില്‍ അന്‍പത് കടന്ന ഓസീസ് സ്കോര്‍ 16.1 ഓവറില്‍ നൂറിലെത്തി. ഒടുവില്‍ 29.3 ഓവറില്‍ സ്കോര്‍ 187-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ കഴിഞ്ഞത്. 92 പന്തുകളില്‍ നിന്ന് 12 ഫോറും ഒരു സിക്സറുമടക്കം 93 റണ്‍സെടുത്ത് സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന ഡേവിഡ് വാര്‍ണര്‍ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ബൗള്‍ഡായി. പിന്നീടെത്തിയ മിച്ചല്‍ മാര്‍ഷിനെ കൂട്ടുപിടിച്ച് ഫിഞ്ച് സ്കോര്‍ 221-ല്‍ എത്തിച്ചു.
ഇതിനിടെ ഫിഞ്ച് സെഞ്ചുറിയും തികച്ചു. ഫിഞ്ചിന്റെ ഏഴാം സെഞ്ചുറിയായിരുന്നു ഇത്. ഒടുവില്‍ 107 പന്തില്‍ നിന്ന് 9 ഫോറും രണ്ട് സിക്സറുമടക്കം 107 റണ്‍സെടുത്ത ഫിഞ്ചിനെ ഉമേഷ് യാദവിന്റെ പന്തില്‍ ഇഷാന്ത് ശര്‍മ്മ കയ്യിലൊതുക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. മാര്‍ഷും സ്മിത്തും ചേര്‍ന്ന് സ്കോര്‍ 288-ല്‍ എത്തിച്ചു. 42 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത മാര്‍ഷിനെ ഉമേഷ് യാദവിന്റെ പന്തില്‍ കോഹ്ലി കയ്യിലൊതുക്കി. അധികം കഴിയും മുന്നേ 29 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് കൂറ്റന്‍ സിക്സറുമടക്കം 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്തും മടങ്ങി. ഇഷാന്ത് ശര്‍മ്മക്ക് വിക്കറ്റ്. 45.5 ഓവറില്‍ ഓസീസ് സ്കോര്‍ 300ലെത്തി. സ്കോര്‍ 319-ലെത്തിയപ്പോള്‍ 10 റണ്‍സെടുത്ത ജോര്‍ജ് ബെയ്ലിയും മടങ്ങി. സ്കോര്‍ അഞ്ചിന് 319. ഇതേ സ്കോറില്‍ തന്നെ ആറാംവിക്കറ്റും വീണു.
റണ്ണൊന്നുമെടുക്കാതിരുന്ന ഫോക്നറെ ഉമേഷ് ബൗള്‍ഡാക്കി. രണ്ട് റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും ഏഴാം വിക്കറ്റും നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന മാത്യുവെയ്ഡ് റണ്ണൗട്ടായി. പിന്നീട് മാക്സ്വെല് വെടിക്കെട്ടായിരുന്നു. 20 പന്തില്‍ 41 റണ്‍സ് നേടി ഇന്നിങ്സിലെ അവസാന പന്തില്‍ മാക്സ്വെല് മടങ്ങി. ആറ് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. അവസാന 10 ഓവറില്‍ ഓസീസ് ബാറ്റ്സ്മാന് 111 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ എന്നീ മുന്‍നിര ബൗളര്‍മാരെല്ലാം തല്ലുവാങ്ങി. ഇഷാന്ത് 10 ഓവറില്‍ 77ന് നാലും ഉമേഷ് 67ന് മൂന്നും വിക്കറ്റുകള്‍ നേടി.
കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന മറുപടി ബാറ്റിങ്ങിനിറങ്ങി ഇന്ത്യക്ക് നല്ല തുടക്കം ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ധവാനും ചേര്‍ന്ന് നല്കി. എട്ട് ഓവറില്‍ 65 റണ്‍സ് അടിച്ചുകൂട്ടിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 25 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് കൂറ്റന്‍ സിക്സറുമടക്കം 41 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ റിച്ചാര്‍ഡ്സന്റെ പന്തില്‍ മാത്യു വെയ്ഡ് കയ്യിലൊതുക്കി. രോഹിത് ശര്‍മ്മ നിര്‍ത്തിയേടത്തുനിന്നായിരുന്നു തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോഹ്ലി തുടങ്ങിയത്. ഓസീസ് ബൗളര്‍മാരെ നിഷ്ക്കരുണം പ്രഹരിച്ച കോഹ്ലിയും ധവാനും ചേര്‍ന്ന് സ്കോര്‍ വളരെ വേഗം ഉയര്‍ത്തി. 12.2 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 100ഉം19.1 ഓവറില്‍ 150ഉം എത്തി. ഇതിനിടെ ധവാനും കോഹ്ലിയും അര്‍ദ്ധശതകം തികച്ചു. ധവാന് 49 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സുമടക്കമാണ് അര്‍ദ്ധസെഞ്ചുറിയിലെത്തിയത്. കോഹ്ലി വെറും 34 പന്തുകളില്‍ നിന്നും. 7 ബൗണ്ടറികളും ഇന്നിങ്സിന് ചാരുതയേകി.
25.5 ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 200 കടത്തി. ഒടുവില്‍ 37.3 ഓവറില്‍ സ്കോര്‍ 277-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 113 പന്തില്‍ 14 ഫോറും രണ്ട് സിക്സറുമടക്കം 126 റണ്‍സെടുത്ത ധവാനെ ഹേസ്റ്റിങ്സിന്റെ പന്തില്‍ ബെയ്ലി പിടികൂടി. 212 റണ്‍സാണ് ധവാനും കോഹ്ലിയും രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നീട് ഇന്ത്യന്‍ ഇന്നിങ്സിന്റെ കൂട്ടത്തകര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു. ധവാന് പുറത്തായശേഷം സ്വയം സ്ഥാനം മുന്നോട്ടുകയറി ക്രീസിലെത്തിയ ധോണിയുടെ നീക്കം പിഴച്ചു. നേരിട്ട മൂന്നാം പന്തില്‍ ഹേസ്റ്റിങിനെ കയറിയടിക്കാനുള്ള ശ്രമം പിഴച്ചു.
ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളില്‍. മൂന്നിന് 277. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കോഹ്ലിയും മടങ്ങി. 92 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്സറുമടക്കം 106 റണ്‍സെടുത്ത കോഹ്ലിയെ റിച്ചാര്ഡ്സണ് സ്മിത്തിന്റെ കൈകളിലെത്തിച്ചു. പിന്നീടെല്ലാം വഴിപാടുകണക്കെ നടന്നു. ഗുര്‍കീരത് സിങ് (5), രഹാനെ (2), റിഷി ധവാന് (9), ഭുവനേശ്വര്‍ കുമാര്‍ (2), ഉമേഷ് യാദവ് (2), ഇഷാന്ത് ശര്‍മ (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍. ഇതോടെ 49.2 ഓവറില്‍ 323 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. 24 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത് ആകെ നാലുപേര്‍ മാത്രം. റിച്ചാര്ഡ്സണ് പുറമെ മിച്ചല്‍ മാര്‍ഷും ഹേസ്റ്റിങ്സും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍ ബി ഇഷാന്ത് ശര്‍മ്മ 93, ആരോണ്‍ ഫിഞ്ച് സി ഇഷാന്ത് ബി ഉമേഷ് യാദവ് 107, മിച്ചല്‍ മാര്‍ഷ് സി കോഹ്ലി ബി ഉമേഷ് 33, സ്റ്റീവന്‍ സ്മിത്ത് സി ഗുര്‍കീരത് സിങ് ബി ഇഷാന്ത് 51, ഗ്ലെന്‍ മാക്സ്വെല് സി സബ് മനീഷ് പാണ്ഡെ ബി ഇഷാന്ത് 41, ജോര്‍ജ് ബെയ്ലി സി രോഹിത് ശര്‍മ്മ ബി ഇഷാന്ത് 10, ഫോക്നര്‍ ബി ഉമേഷ് 0, മാത്യു വെയ്ഡ് റണ്ണൗട്ട് 0, ഹാസ്റ്റിങ്സ് നോട്ടൗട്ട് 0, എക്സ്ട്രാസ് 13, ആകെ 50 ഓവറില്‍ എട്ട് വിക്കറ്റിന് 349.
വിക്കറ്റ് വീഴ്ച: 1-187, 2- 221, 3-288, 4-298, 5-319, 6-319, 7-321, 8-348.
ബൗളിങ്: ഉമേഷ് യാദവ് 10-1-67-3, ഭുവനേശ്വര്‍ 8-0-69-0, ഇഷാന്ത് 10-0-77-4, ഗുര്‍കീരത് സിങ് 3-0-24-0, റിഷി ധവാന് 9-0-53-0, രവീന്ദ്ര ജഡേജ 10-0-51-0.
ഇന്ത്യ: രോഹിത് ശര്‍മ്മ സി വെയ്ഡ് ബി റിച്ചാര്ഡ്സണ് 41, ശിഖര്‍ ധവാന് സി ബെയ്ലി ബി ഹേസ്റ്റിങ്സ് 126, വിരാട് കോഹ്ലി സി സ്മിത്ത് ബി റിച്ചാര്ഡ്സണ് 106, ധോണി സി വെയ്ഡ് ബി ഹാസ്റ്റിങ്സ് 0, ഗുര്‍കീരത് സിങ് സി (സബ്. മാര്‍ഷ്) ബി ലിയോണ്‍ 5, രവീന്ദ്ര ജഡേജ നോട്ടൗട്ട് 24, രഹാനെ സി സ്മിത്ത് ബി റിച്ചാര്ഡ്സണ് 2, റിഷി ധവാന് സി വാര്‍ണര്‍ ബി റിച്ചാര്ഡ്സണ് 9, ഭുവനേശ്വര്‍കുമാര്‍ സി സ്മിത്ത് ബി റിച്ചാര്ഡ്സണ് 2, ഉമേഷ് യാദവ് സി ബെയ്ലി ബി മാര്‍ഷ് 2, ഇഷാന്ത് ശര്‍മ്മ സി വെയ്ഡ് ബി മാര്‍ഷ് 0, എക്സ്ട്രാസ് 6, ആകെ 49.2 ഓവറില്‍ 323.
വിക്കറ്റ് വീഴ്ച: 1-65, 2-277, 3-277, 4-278, 5-286, 6-294, 7-304, 8-311, 9-315, 10-323.
ബൗളിങ്: ലിയോണ്‍ 10-0-76-1, റിച്ചാര്ഡ്സണ് 10-1-68-5, ഹേസ്റ്റിങ്സ് 10-0-50-2, ഫോക്നര്‍ 7-0-48-0, മിച്ചല്‍ മാര്‍ഷ് 9.2-0-55-2, മാക്സ്വെല് 1-0-10-0, സ്മിത്ത് 2-0-16-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: