ചേര്‍ത്തല: പാര്‍ട്ടി ഭരണത്തിലുള്ള സഹകരണ ബാങ്ക് നീയമനങ്ങള്‍ക്കു കോഴ വാങ്ങിയെന്ന ആരോപണം സിപിഎമ്മില്‍ വിവാദമാകുന്നു. വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചേര്‍ത്തല ഏരിയാകമ്മിറ്റിയുടെ അടിയന്തിര യോഗം കൂടി അന്വേഷണത്തിനു കമ്മീഷനെ നിയോഗിച്ചു. നീയമന വിഷയത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശം അവഗണിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടു ഏരിയാകമ്മിറ്റിക്കു നല്കിയതായും കണ്ടെത്തയതായാണ് വിവരം. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ് തീരുമാനമത്രേ. അടുത്തിടെ ചേരിയിലുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് ചേര്‍ത്തലയില്‍ ഔദ്യോഗിക പക്ഷത്തിന്റെ മേധാവിത്വം നഷ്ടമായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് തീരുമാനത്തിനു പിന്നില്‍.
ഏരിയാ സെന്റര്‍ അംഗം ടി.ജി. മുരളീധരന്‍ കണ്‍വീനറായി പി.എം. പ്രമോദ്, കൃഷ്ണന്‍നായര്‍ എന്നിവരടങ്ങുന്നതാണ് കമ്മീഷന്‍. വി.ഒ.രാജന്റെ അധ്യക്ഷതയില്‍ നടന്ന യോഗമാണ് അന്വേഷണത്തിനു കമ്മീഷനെ നിയോഗിച്ചത്. വടക്കന്‍ മേഖലയിലുള്ള ബാങ്കിന്റ പേരിലാണ് വിവാദം. ബാങ്കില്‍ സഹകരണ ബാങ്കിങ് റിക്രൂട്ട്‌മെന്റ് ബോര്‍ഡു നടത്തിയ പരീക്ഷയില്‍ ബാങ്ക് ഭരണ സമിതിയുടെ മാര്‍ക്കിന്റെ പേരിലാണ് കോഴവാങ്ങിയെന്ന് ആരോപണമുയര്‍ന്നത്. ഭരണ സമിതിക്ക് പാര്‍ട്ടി നല്കിയ നിര്‍ദ്ദേശത്തിനു വിരുദ്ധമായി ചില നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തിച്ചതായാണ് വിമര്‍ശനം.
ഇത്തരത്തില്‍ തന്നെ ഏരിയയിലെ മറ്റൊരു ബാങ്കിലെ നീയമനത്തില്‍ ജില്ലാ കമ്മിറ്റി അന്വേഷണം നടന്നുവരികയാണ്. ഇതിനിടയിലാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പഞ്ചായത്തു തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് നഗരത്തിലെ ബാങ്കില്‍ നീയമനത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതും ജില്ലാ കമ്മിറ്റി ഇടപെട്ട് നീട്ടിവെക്കുകയായിരുന്നു.
















