പത്തനാപുരം: വിവിധ കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു മുന്നില്‍ മാതൃകയായി മാറുകയാണ് തലവൂര്‍ തൃക്കൊന്നമര്‍കോട് ദേവസ്വം. നിര്‍ദ്ധനര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയും ജീവിക്കാന്‍ തൊഴില്‍ നല്‍കിയുമാണ് തലവൂര്‍ ദേവസ്വം സാന്ത്വനമാകുന്നത്. പുതിയതായി തുടക്കം കുറിച്ച ശ്രീദുര്‍ഗ തൊഴില്‍ദാന പദ്ധതിയിലൂടെ ആറോളം പേര്‍ക്കാണ് ഓട്ടോറിക്ഷകള്‍ സൗജന്യമായി വിതരണം ചെയ്തത്. സമൂഹത്തിലെ സുമനസുകളുടെ സഹായത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്. ശ്രീദുര്‍ഗാ ഭവനപദ്ധതിയുടെ രണ്ടാമത്തെ വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. തലവൂരിലെ ആറുകരകളിലെ അതാത് എന്‍എസ്എസ്. കരയോഗങ്ങളാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നത്. ശ്രീദുര്‍ഗ തൊഴില്‍ ദാന പദ്ധതിക്കും ഭവനപദ്ധതിക്കും പുറമെ ശ്രീദുര്‍ഗ മംഗല്യപദ്ധതിയും നടപ്പിലാക്കുനുളള ആലോചനയിലാണ് തലവൂര്‍ ദേവസ്വം ഭരണസമിതിയെന്ന് പ്രസിഡന്റ് ടി.ജയപ്രകാശ് പറഞ്ഞു.
ക്ഷേത്രാങ്കണത്തില്‍ നടന്ന തൊഴില്‍ദാന പദ്ധതിയുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിച്ചു. ദേവസ്വം പ്രസിഡന്റ് ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.ഗംഗാധരന്‍പിളള, സെക്രട്ടറി കെ.ജി.ബാലകൃഷ്ണന്, മറ്റ് ഭാരവാഹികളായ സതീഷ്കുമാര്‍, ഉണ്ണികൃഷ്ണന്ഉണ്ണിത്താന്, അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: