റിഷി ധവാന് ബൗളിങ് പരീശീലനത്തില്‍
കാന്‍ബറ: ജയിക്കുമോ ടീം ഇന്ത്യ ഇന്നെങ്കിലും. ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തിനിറങ്ങുന്ന ടീം ഇന്ത്യ ഇന്നെങ്കിലും ജയിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ കൈവിട്ടിരുന്നു. ഇന്ന് നാലാം ഏകദിനത്തിനിറങ്ങുന്ന ടീം ഇന്ത്യ ആശ്വാസജയമാണ് ലക്ഷ്യമിടുന്നത്. ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ അവസാന ഏകദിനത്തില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ കഴിയും. അതേസമയം ഓസ്ട്രേലിയയാകട്ടെ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യവുമായാണ് ക്രീസിലെത്തുന്നത്. ഇന്ത്യന്‍ സമയം 8.50 മുതലാണ് മത്സരം.
തുടര്‍ച്ചയായ പരാജയങ്ങള്‍ ഇന്ത്യന്‍ നിരയുടെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ടെന്ന് തീര്‍ച്ച. ആദ്യ രണ്ട് മത്സരങ്ങളില്‍ ബൗളര്‍മാര്‍, പ്രത്യേകിച്ച് സ്പിന്നര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായതെങ്കില്‍ കഴിഞ്ഞ കളിയില്‍ ഫീല്‍ഡര്‍മാരുടെ പിഴവ് തിരിച്ചടിയായി. പിഴവുകളെല്ലാം പരിഹരിച്ച് കളത്തിലിറങ്ങിയാലേ ഇന്ത്യക്ക് ഇന്ന് പ്രതീക്ഷക്ക് വകയുള്ളൂ. ബാറ്റ്സ്മാന്മാര് മികച്ച ഫോമിലാണെന്നതുകൊണ്ട് ആ വശം ചിന്തിക്കേണ്ടതില്ല. എന്നാല്‍ ബൗളര്‍മാര്‍ ഇനിയും നിലവാരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. ഫീല്‍ഡിങും നിലവാരത്തിലേക്ക് ഉയരണം. കഴിഞ്ഞ മത്സരത്തിനുശേഷം ധോണി പരാജയത്തിന് കുറ്റം പറഞ്ഞത് ഫീല്ഡര്മാരെയായിരുന്നു. അനായാസം കയ്യിലൊതുക്കാമായിരുന്ന പന്തുകള്‍ പോലും സഹതാരങ്ങള്‍ വിട്ടുകളഞ്ഞതിന്റെ നിരാശ ധോണി മറച്ചുവെച്ചില്ല.
എന്നാല്‍ ബാറ്റിങ്നിര മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ആറ് റണ്‍സിന് പുറത്തായെങ്കിലും ആദ്യ രണ്ട് കളികളില്‍ നേടിയ സെഞ്ചുറിയുമായി ഓപ്പണര്‍ രോഹിത് ശര്‍മ്മ മികച്ച ഫോമിലാണ്. രണ്ട് അര്ദ്ധസെഞ്ചുറികള്ക്കുശേഷം കഴിഞ്ഞ കളിയില്‍ ശതകം തികച്ച വിരാട് കോഹ്ലിയും രണ്ട് അര്‍ദ്ധസെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെയും മികച്ച ഫോമിലാണെന്ന് കഴിഞ്ഞ കളികളിലെ പ്രകടനം തെളിയിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടി ഓപ്പണര്‍ ശിഖര്‍ ധവാനും തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചിരുന്നു. ആദ്യ രണ്ട് കളികളിലും മുന്നൂറിലേറെ റണ്‍സ് നേടിയശേഷമാണ് ഇന്ത്യ പരാജയപ്പെട്ടത്.
ആദ്യ ഏകദിനത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കിയ ബരിന്ദര്‍ സ്രാന്‍ പക്ഷേ, കഴിഞ്ഞ രണ്ട് കളികളിലും വിക്കറ്റ് നേടാന്‍ കഴിഞ്ഞിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യയുടെ മാച്ച് വിന്നറായിരുന്ന അശ്വിനും ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. കഴിഞ്ഞ കളിയില്‍ കളിച്ച ഗുര്‍കീരത് സിങിനും ഋഷി ധവാനും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഇന്ന് ചില മാറ്റങ്ങള്‍ ടീം നിരയില്‍ വരുത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ ഇല്ലാതിരുന്ന ഡേവിഡ് വാര്‍ണര്‍ ഓസ്ട്രേലിയന്‍ നിരയില്‍ ഇന്ന് തിരിച്ചെത്തും. ഇതോടെ അവരുടെ ബാറ്റിങ് നിര കൂടുതല്‍ ശക്തമാകും. വാര്‍ണര്‍ തിരിച്ചെത്തുന്നതോടെ കഴിഞ്ഞ രണ്ട് കൡകൡലും അര്‍ദ്ധശതകം നേടി മികച്ച ഫോമിലുള്ള ഷോണ മാര്‍ഷ് ഇന്ന് പുറത്തിരുന്നേക്കും. മറ്റൊരു ഓപ്പണറായ ആരോണ്‍ ഫിഞ്ച്, ക്യാപ്റ്റന്‍ സ്മിത്ത്, മധ്യനിര ബാറ്റ്സ്മാന് ജോര്‍ജ് ബെയ്ലി എന്നിവരും മികച്ച ഫോമിലാണെന്നത് ഓസ്ട്രേലിയക്ക് മുന്‍തൂക്കം നല്കുന്നു. കഴിഞ്ഞ കളിയില്‍ 96 റണ്‍സുമായി കംഗാരുക്കളെ വിജയത്തിലേക്ക് നയിച്ച ഗ്ലെന്‍ മാക്സ്വെല്ലും ഫോമിലേക്കുയര്‍ന്നതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇവിടെ പിടിച്ചുകെട്ടാന്‍ ഏറെ കഷ്ടപ്പെടേണ്ടിവരുമെന്ന് ഉറപ്പ്. കഴിഞ്ഞ കളിയിലെ അതേ ടീമിനെതന്നെയായിരിക്കും ഇന്നും ഓസ്ട്രേലിയ ഏറെക്കുറെ ഇറക്കുക. ഫോക്നര്‍, ഹേസ്റ്റിങ്സ്, ബോളണ്ട്, പാരീസ് എന്നിവരടങ്ങിയ ബൗളിങ് നിരയും മികച്ചതാണ്. പരമ്പര നേടിക്കഴിഞ്ഞതിനാല്‍ ടീമിലെ മറ്റുള്ളവര്‍ക്ക് അവസരം നല്‍കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: