കോഴിക്കോട്: ഫുട്ബോളിനെ നെഞ്ചേറ്റുന്ന കോഴിക്കോട്ടുകാര്‍ക്ക് അഹങ്കരിക്കാന്‍ മറ്റൊന്നു കൂടി. ബ്രസീലിയന്‍ ഫുട്ബാള്‍ താരം റൊണാള്‍ഡിഞ്ഞോയെ സ്വീകരിക്കാന്‍ അവസരം ലഭിക്കുന്ന നഗരമെന്ന ഖ്യാതി കൂടി ഇനി കോഴിക്കോടിന് സ്വന്തം. കാല്പന്ത്പ്രേമികളുടെ മനസ്സില്‍ ഉത്സവപ്രതീതി തീര്‍ത്ത സേട്ട് നാഗ്ജി മെമ്മോറിയല്‍ അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ തിരിച്ചുവരവറിയിച്ചുകൊണ്ടാണ് ബ്രസീലിയന്‍ താരം റൊണാള്‍ഡിഞ്ഞോ 24ന് കോഴിക്കോട്ടെത്തുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 24ന് രാവിലെ എട്ട് മണിയ്ക്ക് വിമാനമിറങ്ങുന്ന അദ്ദേഹം ഒന്‍പത് മണിയോടെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ജില്ലാഫുട്ബാള് അസോസിയേഷന്റെയും മോണ്ടിയാല്‍ സ്പോര്ട്സിന്റെയും ആഭിമുഖ്യത്തില്‍ അദ്ദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന് കാര്‍മാര്‍ഗം കോഴിക്കോട്ടേക്ക് പുറപ്പെടുന്ന റൊണാള്‍ഡീഞ്ഞോയ്ക്ക് ഫുട്ബോള്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ റോഡിനിരുവശവും കരിപ്പൂര്‍ മുതല്‍ കോഴിക്കോട് വരെ മനുഷ്യചങ്ങല തീര്‍ത്ത് വരവേല്‍പ്പൊരുക്കും.
വൈകീട്ട് ആറ് മണിയോടെ കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന സ്വീകരണചടങ്ങില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും.
സേട്ട് നാഗ്ജി ട്രോഫി ചടങ്ങില്‍ നാഗ്ജിയുടെ കുടുംബാംഗങ്ങള്‍ റൊണാള്‍ഡീഞ്ഞോയ്ക്ക് കൈമാറും. റൊണാള്‍ഡീഞ്ഞോ കെഡിഎഫ്എ ഭാരവാഹികള്‍ക്കും അവര്‍ മുഖ്യസംഘാടകരായ മോണ്ടിയാല്‍ സ്പോര്‍ട്സ് ലിമിറ്റഡിനും ട്രോഫി കൈമാറും. റൊണാള്‍ഡീഞ്ഞോയുടെ പ്രസംഗത്തിന് ശേഷം നാഗ്ജി ട്രോഫിയുമായുള്ള റോഡ് ഷോ അരങ്ങേറും. ഫുട്ബാള്‍ ഫോര്‍ പീസ് പദ്ധതിയുടെ സ്കൂള്‍ തല ഉദ്ഘാടനം 25 ന് രാവിലെ നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റൊണാള്‍ഡിഞ്ഞോ നിര്‍വഹിക്കും. യുകെ കേന്ദ്രീകരിച്ചുള്ള ഫുട്ബാള്‍ ഫോര്‍ പീസ് സംഘടനയെ പ്രതിനിധീകരിച്ച് ഫുട്ബോള്‍ താരം കാഷിഫ് സിദ്ദീഖിയും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് 11 മണിയോടെ കരിപ്പൂരിലെത്തി കൊച്ചി വഴി ദുബായിലേക്ക് മടങ്ങും.
ഫെബ്രുവരി അഞ്ച് മുതല്‍ 15 വരെ അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ നാല് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സംഘാടകര്‍ പ്രഖ്യാപിച്ച ഗ്യാലറി ടിക്കറ്റ് നിരക്ക് പ്രകാരം ഒരാള്‍ക്ക് 150 രൂപയാണ്. വെസ്റ്റേണ്‍ ഗ്യാലറി 200 രൂപയും വിഐപി ചെയറിന് 500 രൂപയും നല്‍കണം. ഗ്യാലറി സീസണ് ടിക്കറ്റിന് 2000 രൂപ, വെസ്റ്റേണ്‍ ഗ്യാലറി സീസണിന് 2500, വിഐപി ചെയറിന് 6000 രൂപയുമാണ് നിരക്കെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. കേരള ഫുട്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് എ. പ്രദീപ്കുമാര്‍ എംഎല്‍എ, കെഡിഎഫ്എ സെക്രട്ടറി പി. ഹരിദാസ്, മോണ്ടിയാല്‍ സ്പോര്‍ട്സ് വൈസ് ചെയര്മാന് അബ്ദുറഹ്മാന് അമ്പലപ്പള്ളി, സിഇഒ അംജദ് ഹുസൈന്, ടി.പി. ദാസന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: