മുംബൈ: മുംബൈയെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി ബറോഡ സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു.മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യമായ 152 റണ്‍സ് ഒരു ഓവര്‍ ബാക്കിനില്‍ക്കേ മറികടന്നാണ് ബറോഡ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡ 19 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്ത് വിജയം നേടി.
മുംബൈക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് 36 പന്തില്‍ എട്ട് ബൗണ്ടറികളോടെ പുറത്താകാതെ 57 റണ്‍സെടുത്ത് മികച്ച ബാറ്റിങ് കാഴ്ചവെച്ചു. 25 റണ്‍സെടുത്ത ശശാങ്ക് സിങും 21 റണ്‍സ് വീതം നേടിയ അഭിഷേക് നായരും ശിവം ദുബെയും ഭേദപ്പെട്ട പ്രകടനം നടത്തി. ബറോഡക്ക് വേണ്ടി ഭാര്‍ഗ്ഗവ് ഭട്ട് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡക്ക് തുടക്കത്തില്‍ തകര്‍ച്ചനേരിട്ടെങ്കിലും 35 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ദീപക് ഹൂഡയും 28 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നുണ്ടാക്കിയ 47 റണ്‍സിന്റെ കൂട്ടുകെട്ട് അവരെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ ഹര്‍ദിക്ക് പാണ്ഡ്യയും യൂസഫ് പഠാനും (1), ഇര്‍ഫാന്‍ പഠാനും (19), ദീപക് ഹൂഡയും പുറത്തായതോടെ ബറോഡ ആറിന് 126 എന്ന നിലയിലായി.
19-ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടമായതോടെ അവര്‍ 9ന് 149 എന്ന നിലയില്‍. എന്നാല്‍ ഈ ഓവറിലെ അവസാന പന്ത് ഭാര്‍ഗ്ഗവ് ബട്ട് ബൗണ്ടറിയിലേക്ക് പായിച്ചതോടെ ബറോഡ വിജയവും ഫൈനല്‍ ബര്‍ത്തും സ്വന്തമാക്കി. നാളെ നടക്കുന്ന ഫൈനലില്‍ ഉത്തര്‍പ്രദേശാണ് ബറോഡയുടെ എതിരാളികള്‍. ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഉത്തര്‍പ്രദേശ് കലാശക്കളിക്ക് യോഗ്യത നേടിയത്.
















