പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ എതിരാളികളില്ലാതെ പാരീസ് സെന്റ് ജര്‍മന്‍. ലീഗിലെ ഇരുപത്തിയൊന്നാം റൗണ്ട് മത്സരത്തില്‍ ടൗളൗസ് ഉയര്‍ത്തിയ കടുത്ത പ്രതിരോധത്തെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു സെന്റ് ജര്‍മന്‍. ഇതോടെ പട്ടികയില്‍ 24 പോയിന്റിന്റെ ലീഡായി നിലവിലെ ജേതാക്കള്‍ക്ക്. 73ാം മിനിറ്റില്‍ സ്വീഡിഷ് സൂപ്പര്‍താരം സ്ലാട്ടണ് ഇബ്രാഹിമോവിച്ചാണ് ഗോള്‍ നേടിയത്. ലൂക്കാസ് എടുത്ത കോര്‍ണര്‍ സ്വീകരിച്ച ഡേവിഡ് ലൂയിസ് തന്നെ മാര്‍ക്ക് ചെയ്ത താരത്തെ സമര്‍ഥമായി കബളിപ്പിച്ച് പന്ത് ഇബ്രയ്ക്കു കൈമാറി. ക്ലോസ് റേഞ്ചില്‍നിന്നുള്ള ഈബ്രയുടെ ഹെഡ്ഡര്‍ വലയില്‍ ഭദ്രം.
തോല്‍വിയറിയാതെ കുതിക്കുന്ന പാരീസ് സെന്റ് ജര്‍മന്‍ 21 കളികളില്‍ 57 പോയിന്റായി. രണ്ടാമതുള്ള ആംഗേഴ്സിന് 34 പോയിന്റ്. കഴിഞ്ഞ കളിയില്‍ നൈസിനോട് 2-1ന് തോറ്റു ആംഗേഴ്സ്. ഇതോടെ 33 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി നൈസ്. 24ാം മിനിറ്റില്‍ പിയറിക് കാപെല്ലെയിലൂടെ മുന്നിലെത്തിയ ആംഗേഴ്സിനെ ഹാതെം ബെന്‍ അഫ്രയുടെ ഇരട്ട ഗോളുകളില്‍ കീഴടക്കി നൈസ്. നാല് മിനിറ്റിനിടെ രണ്ടുവട്ടം ലക്ഷ്യം കണ്ടു അഫ്ര. 80, 84 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.
മറ്റു മത്സരങ്ങളില്‍ ബാസ്റ്റിയ മടക്കമില്ലാത്ത ഒരു ഗോളിന് മോണ്ട്പെല്ലിയറിനെ കീഴടക്കിയപ്പോള്‍, ബോര്‍ഡ്യൂക്സ് ഇതേ സ്കോറിന് ലിലെയെയും വീഴ്ത്തി. റെന്നെസിന് ട്രോയ്സിനെതിരെ മികച്ച ജയം (4-2). ഗാസെലെക് അജാസിയോ-റെയ്ംസ്, ഗ്വിന്‍ഗാംപ്-നാന്റസ് (2-2) മത്സരങ്ങള്‍ സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: