ഹാമില്‍ട്ടണ്‍: ഓപ്പണര്‍മാര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും (87 നോട്ടൗട്ട്) നായകന്‍ കെയ്ന്‍ വില്യംസണിന്റെയും (72 നോട്ടൗട്ട്) റെക്കോഡ് പ്രകടനത്തിന്റെ കരുത്തില്‍ പാക്കിസ്ഥാനെതിരായ രണ്ടാം ട്വന്റി20യില്‍ ന്യൂസിലന്‍ഡിന് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 20 ഓവറില്‍ ഏഴു വിക്കറ്റിന് 168 റണ്‍സെടുത്ത പാക്കിസ്ഥാനു മറുപടിയായി 17.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 171 റണ്‍സെടുത്തു കിവികള്‍. ട്വന്റി20യിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഗുപ്ടിലും വില്യംസണും പടുത്തുയര്‍ത്തിയത്. ഗുപ്ടിലാണ് കളിയിലെ താരം. മൂന്നാം മത്സരം 22ന് വെല്ലിങ്ടണില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാനെ 27 പന്തില്‍ നാല് വീതം ഫോറും സിക്‌സറും പറത്തി പുറത്താകാതെ 56 റണ്‍സെടുത്ത ഉമര്‍ അക്മലിന്റെ പ്രകടനമാണ് മികച്ച നിലയിലെത്തിച്ചത്. ഷൊയ്ബ് മാലിക്ക് (39), മുഹമ്മദ് ഹഫീസ് (19), ഷൊയ്ബ് മഖ്‌സൂദ് (18) എന്നിവരും രണ്ടക്കം കണ്ടു. ന്യൂസിലന്‍ഡിനായി മിച്ചല്‍ മക്ലെന്‍ഗന്‍ രണ്ടും, മിച്ചല്‍ സാന്റ്‌നര്‍, കോറി ആന്‍ഡേഴ്‌സണ്‍, ആദം മില്‍നെ, ഗ്രാന്റ് എലിയട്ട് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
പാക് ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കാതെയാണ് ഗുപ്ടിലും വില്യംസണും മത്സരം പൂര്‍ത്തിയാക്കിയത്. ഗുപ്ടില്‍ 58 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സറും സഹിതം 87 റണ്‍സെടുത്തപ്പോള്‍, വില്യംസണ്‍ 48 പന്തില്‍ 11 ബൗണ്ടറികളുടെ അകമ്പടിയോടെ 72 റണ്‍സെടുത്തു.
















