കോട്ടയം: ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി എന്‍. ഹരിയേയും ജനറല്‍ സെക്രട്ടറിമാരായി കെ.പി. സുരേഷിനെയും ജി. ലിജിന്‍ലാലിനേയും നിയോഗിച്ചു.
നിലവില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായ എന്‍. ഹരി എബിവിപിയിലൂടെയാണ് രാഷ്‌ട്രീയരംഗത്ത് പ്രവേശിച്ചത്. കഴിഞ്ഞ 17 വര്‍ഷക്കലമായി രാഷ്‌ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ഹരി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തുവര്‍ഷമായി പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തംഗവുമായിരുന്നു. പഴയ വാഴൂര്‍ നിയോജകമണ്ഡലത്തില്‍നിന്നും നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലില്‍ എച്ച്എംസി മെമ്പറായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ജില്ലാ പ്രസിഡന്റാ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട പ്രായം കുറഞ്ഞ പ്രവര്‍ത്തകന്‍കൂടിയാണ് 38 കാരനായ എന്‍. ഹരി. ആനിക്കാട് തെക്കേപ്പറമ്പില്‍ പി.കെ. നാരായണന്‍ നായരുടേയും സി.ആര്‍. സരസമ്മയുടെയും മകനാണ്. സന്ധ്യാമോള്‍ കെ.എസ്. ആണ് ഭാര്യ. അമൃത, സംവൃത എന്നിവര്‍ മക്കളാണ്.
ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. സുരേഷ് വാഴൂരിലെ ആദ്യകാല ആര്‍എസ്എസ് ജനസംഘം പ്രവര്‍ത്തകനായ വി.കെ. പരമേശ്വരന്‍ നായരുടെയും സരോജിനിയമ്മയുടേയും മകനാണ്. മുമ്പ് ആര്‍എസ്എസ് പ്രചാരകനായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ കോട്ടയം വിഭാഗിന്റെ സേവാ പ്രമുഖും പൊന്‍കുന്നം സംഘം ജില്ലയുടെ സഹകാര്യവാഹകുമാണ്.
ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട ജി. ലിജിന്‍ലാല്‍ നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കടുത്തുരുത്തി മരങ്ങാട്ടുപിള്ളി സ്വദേശിയായ ലിജന്‍ലാല്‍ യുവമോര്‍ച്ച കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറിച്ചിത്താനം താഴത്തേടത്ത് പരേതനായ ഗോപിനാഥന്‍നായരുടെയും വി.എന്‍. ലീലയുടെയും മകനാണ്. ഭാര്യ: അനുലക്ഷ്മി എസ്. നായര്‍. മകന്‍: പാര്‍ത്ഥ്യു.
















