കോട്ടയം: പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജനത്തിന് 1,25,140 കുട്ടികളെ ലക്ഷ്യമിട്ടുള്ള പോളിയോ വാക്‌സിന്‍ തുള്ളിമരുന്ന് വിതരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരു ഡോസ് മരുന്നാണ് നല്‍കിയത്. ലക്ഷ്യമിട്ട മുഴുവന്‍ കുട്ടികള്‍ക്കും മരുന്ന് നല്‍കുന്നതിന് ആയിരത്തിലധികം ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു.ആരോഗ്യകേന്ദ്രങ്ങള്‍, അംഗനവാഡികള്‍ ,സ്വകാര്യ ആശുപത്രികള്‍,സന്നദ്ധസംഘടനകള്‍ ,ബസ്റ്റാന്‍ഡുകള്‍ ,റെയില്‍വേസ്റ്റേഷനുകള്‍ ,ബോട്ടുജെട്ടികള്‍ എന്നിവിടങ്ങളില്‍ മരുന്ന് വിതരണം നടത്തി.രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചു വരെ വാക്‌സിന്‍ വിതരണം ചെയ്തു. നാല്‍പ്പത് ട്രാന്‍സിറ്റ് ബൂത്തുകളും ഇരുപത് മൊബൈല്‍ ബൂത്തുകളും മുഖേനയും വാക്‌സിന്‍ ലഭ്യമാക്കി. വാകസിന്‍ വിതരണം സംബന്ധിച്ച് അഞ്ചുലക്ഷം വീടുകളില്‍ നാലായിരം വാളണ്ടിയര്‍മാര്‍ നേരിട്ട് അറിയിപ്പ് നല്‍കിയിരുന്നു.അംഗനവാഡി-ആശാ-കുടുംബശ്രീ-ആരോഗ്യ പ്രവര്‍ത്തകരാണ് വാളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചത്. പോളിയോ വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളിയിലെ ഒരു പ്രത്യേകബൂത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് ,സംസ്ഥാന നിരീക്ഷക ഡോ.മഞ്ജു ഭായി ,പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെബുജോണ്‍,ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ബി.തങ്കമ്മ,ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ.ലാല്‍ ആന്റണി,ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.ദേവ്,ഡെപ്യൂട്ടിഓഫീസര്‍ ഡോമി .ജെ എന്നിവര്‍ സംസാരിച്ചു. പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജനത്തിന്റെ രണ്ടാംഘട്ടം ഫെബ്രുവരി 21-ന് നടക്കും.
















