കാശിമഠത്തിന്റെ ചരിത്രത്താളുകളില്‍ ശ്രീമദ് സുധീന്ദ്രതീര്‍ത്ഥസ്വാമികളുടെ കാലഘട്ടം ശ്രദ്ധേയമാകുന്നത് ആത്മീയതയ്ക്കൊപ്പം സമാജത്തിന് പകര്‍ന്നു നല്കിയ സേവാ സന്ദേശത്തിലൂടെയുമാണ്. ധാര്‍മിക-ആത്മീയ മാര്ഗദര്ശനങ്ങള്ക്കൊപ്പം മാനുഷികമൂല്യങ്ങളും സാംസ്കാരികതയും ഉയര്‍ത്തിപ്പിടിച്ച് സമാജത്തിന് പുതിയ കാഴ്ചപ്പാട് നല്കിയ യതിവര്യനായിരുന്നു സുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍. ഏഴ് പതിറ്റാണ്ട് നീണ്ട സന്യാസി ജീവിതത്തില്‍ ഓരോ ദേശത്തും മഠങ്ങള്‍ സ്ഥാപിക്കുന്നതോടൊപ്പം സേവാകേന്ദ്രങ്ങളും ഗവേഷണ ശാഖകളും വേദപഠന കേന്ദ്രങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും സ്ഥാപിച്ച സ്വാമികള്‍ സമാജാംഗങ്ങള്‍ മുന്നിട്ടിറങ്ങി നടത്തുന്ന സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും അനുഗ്രഹങ്ങളും നല്കുന്നതില് ഏറെ ശ്രദ്ധിക്കുകയും ചെയ്തു.
മലയാളക്കരയില്‍ ഒട്ടേറെ സേവാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മയ്ക്കും പ്രേരക ശക്തിയായി മാറിയതിലൂടെ നാടിന്റെ വികസനത്തിലും മുന്നേറ്റത്തിലും ജിഎസ്ബി സമൂഹത്തിന്റെ പ്രാധാന്യം പ്രകടമാക്കുവാന്‍ ധര്‍മഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് കഴിഞ്ഞു. എറണാകുളത്തെ സുധീന്ദ്ര മെഡിക്കല്‍ മിഷന്, ചോറ്റാനിക്കരയിലെ ഡോ.പടിയാര്‍ ഹോമിയോ കോളേജ്, ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, വേദപാഠശാല, ശ്രീ സുധീന്ദ്ര ലൈബ്രറി, ശ്രീസുധീന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ്, അന്നദാന സേവ തുടങ്ങി സമുദായാംഗങ്ങളെ സേവനമാര്ഗത്തിലേക്ക് നയിച്ചത് സുധീന്ദ്ര തീര്‍ത്ഥസ്വാമികളുടെ പ്രേരണയാണ്. സമാജാംഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആത്മവിശ്വാസം നല്‍കുകയും ഒട്ടേറെ പേരെ ഉന്നതസ്ഥാനങ്ങളിലെത്തിക്കുവാനുള്ള പ്രേരകശക്തിയായതും സ്വാമികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: