കാശിമഠാധിപതിയും ഗൗഡസാരസ്വത പരമ്പരയിലെ ആചാര്യനുമായ സുധീന്ദ്രതീര്‍ത്ഥസ്വാമികളുടെ സമാധി ഹിന്ദുസമൂഹത്തിന് നികത്താനാകാത്ത നഷ്ടമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഏഴു പതിറ്റാണ്ടിലേറെക്കാലം ഹൈന്ദവ സമാജത്തെ ആധ്യാത്മിക പാതയില്‍ നയിച്ച യുഗപ്രഭാവനായിരുന്നു സുധീന്ദ്രതീര്ത്ഥസ്വാമി.
കാശിമഠം സന്യാസിപരമ്പരയില് ഏറ്റവുമധികം കാലം ആചാര്യസ്ഥാനത്തിരുന്ന സ്വാമി സ്ത്രീധനം, ജാതിഭേദം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും അതേസമയം ആചാരാനുഷ്ഠാനങ്ങളില്‍ നിഷ്കര്‍ഷത പുലര്‍ത്തുകയും ചെയ്തു.
ദാരിദ്ര്യനിര്‍മാര്‍ജനത്തിനും നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി നിരവധി സ്ഥാപനങ്ങള്‍ ആരംഭിച്ച സ്വാമി സുധീന്ദ്രതീര്ത്ഥയുടെ ആശിര്‍വാദത്തോടെയാണ് ഗൗഡസാരസ്വത ബ്രാഹ്മണമഹാസഭ രൂപമെടുത്തത്.
ആര്‍ഷഭാരത സംസ്കൃതിക്ക് ആത്മീയതയുടെ നിറചൈതന്യം പകര്‍ന്നുനല്‍കിയ സ്വാമി ഹൈന്ദവ സംഘടനകളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. കൊച്ചി തിരുമല ദേവസ്വം ക്ഷേത്രത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, സംഘടനാ സെക്രട്ടറി എം.സി.വത്സന്, ഹിന്ദു ഹെല്പ്പ്ലൈന് കോര്‍ഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രൊഫ.എം.കെ.സാനു എന്നിവരും സ്വാമിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: