കണ്ണൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സിഐ, എസ്‌ഐ എന്നിവരുടെ വീടുകള്‍ക്ക് നേരെ നടന്ന ബോംബാക്രമണത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ആവശ്യപ്പെട്ടു. നവകേരള യാത്ര നടക്കുന്ന അന്നുതന്നെയുണ്ടായ ഈ അക്രമസംഭവം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. നിയമ സംവിധാനങ്ങളെയും പോലീസിനെയും ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയില്‍ നിര്‍ത്താനും ഇതുവഴി പല പ്രതികളെയും രക്ഷപ്പെടുത്താനുമാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിനു മുമ്പും രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ പയ്യന്നൂര്‍ മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നപ്പോള്‍ അലംഭാവം കാട്ടുകയും സിഐയുടെ വീട്ടുമതിലില്‍ ഭീഷണി പോസ്റ്ററുകളും വീടിന് മുന്നില്‍ റീത്തും ഭീഷണിക്കത്തും വെക്കുകയും ചെയ്തിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയായിരുന്നു. ഇതെല്ലാം അക്രമിസംഘത്തിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കി. ഇത്തരം അക്രമ സംഭവങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും രഞ്ചിത്ത് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: