ആലപ്പുഴ: കായംകുളം പുളളിക്കണക്ക് ഗുരുസികാമന്‍ മഹാദേവക്ഷേത്രത്തില്‍ ശിവപുരാണ മഹായജ്ഞത്തിന് ഇന്ന് തുടക്കമാകും. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്ന് ജ്യോതിര്‍ലിംഗ ഘോഷയാത്രയും അടൂര്‍ തൃച്ചന്ദമംഗലം മഹാദേവക്ഷേത്രത്തില്‍ നിന്ന് കൊടിമരഘോഷയാത്രയും കരുനാഗപ്പള്ളി പടനായര്‍ക്കുളങ്ങര മഹാക്ഷേത്രത്തില്‍ നിന്ന് കൊടിക്കൂറ ഘോഷയാത്രയും രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചയ്‌ക്ക് രണ്ടിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ സംഗമിക്കും. അവിടെ നിന്ന് സംയുക്തമായി കാപ്പില്‍മേക്ക് 355-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖ ഗുരുമന്ദിരത്തിലെത്തി താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഗുരുസികാമന്‍ ക്ഷേത്രത്തിലെത്തും. വൈകിട്ട് അഞ്ചിന് ഭദ്രദീപ പ്രതിഷ്ഠ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി നിര്‍വഹിക്കും. സമ്മേളനം ജസ്റ്റീസ് പി.ആര്‍ രാമന്‍ ഉദ്ഘാടനം ചെയ്യും. തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരി യജ്ഞാചാര്യന്‍ വി.ബി മാധവന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. നാളെ രാവിലെ ആറിന് കലശപ്രതിഷ്ഠയ്‌ക്കുശേഷം ശിവപുരാണ പാരായണം ആരംഭിക്കും. രാത്രി എട്ടിന് സായി ഭജന്‍, 19-ന് രാത്രി 8.15ന് ഭക്തിഗാനമേള, നൃത്തനൃത്യങ്ങള്‍, 21-ന് രാത്രി 8.15-ന് തിരുവാതിരകളി, 22-ന് വൈകിട്ട് 6.15-ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം. 23-ന് രാത്രി 8.30-ന് കാശിനാഥന്‍ – നൃത്തനാടകം. 24-ന് രാത്രി 8.15-ന് ഭക്തിഗാനമേള, 26ന് രാത്രി 8.15-ന് ആര്‍ട്ട് ഓഫ് ലിവിങിന്റെ സത്സംഗ്, 27-ന് രാത്രി 8.00-ന് ഭജന്‍. 28-ന് യജ്ഞസമാപനം.
എല്ലാദിവസവും കലശപൂജ, മൃത്യുഞ്ജയ ഹോമം, പ്രസാദമൂട്ട് എന്നിവയുണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, പ്രൊഫ. എസ്.കെ. ഗോവിന്ദന്‍കുട്ടി കാരണവര്‍, വിനോദ് ശക്തിനിലയം, മുരളി പ്ലാക്കാട്ട്, അനീഷ് കറുകത്തറയില്‍, ഗോപാലകൃഷ്ണന്‍, ഗോകുല്‍ ഭവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യജ്ഞത്തോടനുബന്ധിച്ച് 500 പേര്‍ക്ക് യജ്ഞശാലയില്‍ പൂജിച്ച വെള്ളികെട്ടിയ രുദ്രാക്ഷം സമാപനദിവസം വിതരണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
















