ആലപ്പുഴ: ജില്ലയിലെ മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് വൈദ്യുതി ഭവനു മുന്നില്‍ ഡിസംബര്‍ 16 മുതല്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഒരുമാസം പിന്നിട്ടിട്ടും പരിഹാരമായില്ല. സമരക്കാരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന അധികൃതര്‍ക്കെതിരെ സമരക്കാര്‍ കഴിഞ്ഞദിവസം പ്രതീകാത്മക സമരം നടത്തി. ഉദ്യോഗാര്‍ത്ഥികള്‍ മെഴുകുതിരികള്‍ കത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സമരം മനു സി. പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രമോഷന്‍ നടപടികള്‍ വേഗത്തിലാക്കുക, ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ടു ചെയ്യുക, മസ്ദൂര്‍(വര്‍ക്കര്‍) നിയമനം ഉടന്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കഞ്ഞിവയ്‌പു സമരം ഉള്‍പ്പെടെയുള്ള സമരം ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്നത്.
















