സിഡ്നി: സിഡ്നി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ ഡബിള്‍സ് കിരീടം സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഇന്നലെ നടന്ന വാശിയേറിയ ഫൈനലില്‍ റഷ്യന്‍ ജോഡികളായ കരോലിന ഗാര്‍ഷ്യ-ക്രിസ്റ്റിന മിഡെനോവിച്ച് സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം കിരീടം നേടിയത്.
അത്യന്തം വാശിയേറിയ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്തോ-സ്വിസ് ജോഡികള്‍ വിജയം കണ്ടത്. സ്കോര്‍: 1-6, 7-5, 10-5. ആദ്യ സെറ്റില്‍ ഒന്ന് പൊരുതാന്‍ പോലും കഴിയാതെ കീഴടങ്ങിയ സാനിയ സഖ്യം തുടര്‍ന്നുള്ള രണ്ട് സെറ്റുകളിലും റഷ്യന്‍ സുന്ദരികളുടെ കനത്ത വെല്ലുവിളി അതിജീവിച്ചശേഷം കിരീടം നേടുകയായിരുന്നു.
ഡബിള്‍സില്‍ സാനിയ-ഹിംഗിസ് സഖ്യം നേടുന്ന തുടര്‍ച്ചയായ മുപ്പതാം വിജയമാണ്. ഈ വര്‍ഷത്തെ രണ്ടാം കിരീടമാണ് സഖ്യം നേടിയത്. നേരത്തെ ബ്രിസ്ബെന് ഓപ്പണിലും ഇവര്‍ ജേതാക്കളായിരുന്നു.
അതേസമയം പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-റുമാനിയയുടെ ഫ്ളോറിന് മെര്‍ഗിയ സഖ്യം ഫൈനലിലെത്തി. സെമിയില്‍ ബ്രസീല്‍-അര്‍ജന്റീന ജോഡികളായ തോമസ് ബെലൂച്ചി-ലിയനാര്‍ഡോ മേയര്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്കോര്‍: 7-6 (10-8), 6-4.
വനിതാ സിംഗിള്‍സില്‍ സ്വെറ്റ്ലാന കുസ്നെറ്റ്സോവ കിരീടം നേടി. പ്യൂര്‍ട്ടോറിക്കോ താരമായ മോണിക്ക പ്യുഗിനെ 6-0, 6-2 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് റഷ്യന്‍ താരമായ കുസ്നെറ്റ്സോവ ജേത്രിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: