ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി 20 പാക്കിസ്ഥാന്. 16 റണ്‍സിനാണ് പാക്കിസ്ഥാന്‍ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 155ന് ഓള്‍ ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0ന് മുന്നിലെത്തി. ന്യൂസിലാന്‍ഡിന് വേണ്ടി ടോഡ് ആസ്‌ലെ അരങ്ങേറ്റം കുറിച്ചു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട പാക്കിസ്ഥാന്‍ 47 പന്തില്‍ നിന്ന് 8 ഫോറും രണ്ട് സിക്‌സറുമടക്കം 61 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിന്റെ മികച്ച ബാറ്റിങ്ങ് കരുത്തിലാണ് 171 റണ്‍സ് അടിച്ചുകൂട്ടിയത്. ഹഫീസിന് പുറമെ ഉമര്‍ അക്മല്‍ 14 പന്തില്‍ നിന്ന് ഒരു ഫോറും സിക്‌സറുമടക്കം 24 റണ്‍സും ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി എട്ട് പന്തില്‍ നിന്ന് രണ്ട് ഫോറും സിക്‌സറുമടക്കം 23 റണ്‍സും ഷൊഐബ് മാലിക് 18 പന്തില്‍ നിന്ന് 20 റണ്‍സും നേടി ഭേദപ്പെട്ട സംഭാവന നല്‍കി. ന്യൂസിലാന്‍ഡിന് വേണ്ടി ആഡം മില്‍നെ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി നാലും സാന്റ്‌നര്‍ 14 റണ്‍സിന് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി മികച്ച ബൗളിങ് കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് 9 റണ്‍സുള്ളപ്പോള്‍ രണ്ട് റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും മണ്‍റോയും ഒത്തുചേര്‍ന്നതോടെ അവരുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ചു. ഇരുവരും ചേര്‍ന്ന് 8.1 ഓവറില്‍ 80 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 89 റണ്‍സുള്ളപ്പോള്‍ 27 പന്തില്‍ നിന്ന് രണ്ട് ഫോറും ആറ് സിക്‌സറുകളുമടക്കം 56 റണ്‍സെടുത്ത മണ്‍റോ വഹാബ് റിയാസിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങിയതോടെ കിവികളുടെ കൂട്ടത്തകര്‍ച്ചക്ക് തുടക്കം കുറിച്ചു. രണ്ടിന് 89 എന്ന നിലയില്‍ നിന്ന് ആറിന് 108 എന്ന നിലയിലേക്ക് അവര്‍ കൂപ്പുകുത്തി. കോറി ആന്‍ഡേഴ്‌സണ്‍ (0), എല്ലിയറ്റ് (3), റോഞ്ചി (0), സാന്റ്‌നര്‍ (0) എന്നിവരാണ് പെട്ടെന്ന് പുറത്തായത്. പിന്നീട് അരങ്ങേറ്റക്കാരന്‍ ആസ്‌ലെയെ കൂട്ടുപിടിച്ച് വില്ല്യംസണ്‍ പൊരുതിയെങ്കിലും സ്‌കേര്‍ 138-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പരിഞ്ഞു.
അഞ്ച് പന്തുകളില്‍ നിന്ന് ഒരു റണ്‍സെടുത്ത ആസ്‌ലെ ഉമര്‍ ഗുലിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് മാറ്റ് ഹെന്റി 10 റണ്‍സെടുത്തെങ്കിലും കാര്യമുണ്ടായില്ല. അവസാന ഓവറിന്റെ ആദ്യപന്തില്‍ 60 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സറുമടക്കം 70 റണ്‍സെടുത്ത വില്ല്യംസണും മടങ്ങിയതോടെ ന്യൂസിലാന്റിന്റെ പതനം പൂര്‍ത്തിയായി. ഇന്നിങ്‌സിലെ അവസാന പന്തില്‍ റണ്ണൊന്നുമെടുക്കാതെ ട്രെന്റ് ബൗള്‍ട്ടും മടങ്ങി. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്നും അഫ്രീദി, ഉമര്‍ ഗുല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്‌ത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.
















