കൊച്ചി: കാഴ്ച പരിമിതര്‍ക്കായുള്ള ആദ്യ ട്വന്റി-ട്വന്റി ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ കൊച്ചിയില്‍ തുടക്കമാകും. 24 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയമാണ് ചാമ്പ്യന്‍ഷിപ്പിന് വേദിയാവുന്നത്. നിലവിലുള്ള ചാമ്പ്യന്‍മാരായ ഭാരതത്തിന് പുറമെ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. നേരത്തേ സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാന്‍ പിന്‍മാറുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ (സിഎബിഐ)യും ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള (സിഎബികെ)യും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. സാമൂഹ്യനീതി, പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ. മുനീര്‍, മന്ത്രിമാരായ കെ. ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഗുഡ്‌വില്‍ അംബാസിഡര്‍ നടന്‍ മമ്മൂട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ദിവസം മത്സരങ്ങളില്ല. 18ന് രാവിലെ 9.30ന് ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഉച്ചക്ക് 1.30ന് പാക്കിസ്ഥാനും നേപ്പാളും തമ്മിലാണ് രണ്ടാം മത്സരം. 19ന് നേപ്പാള്‍, 20ന് പാക്കിസ്ഥാന്‍, 22ന് ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍. 23ന് വിശ്രമദിനം. 24ന് ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മില്‍ ഫൈനല്‍ നടക്കും.
ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീം നേരത്തെ കൊച്ചിയിലെത്തി ആലുവയിലെ സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. മലയാളി താരം അജേഷ് അര്‍ജുനന്‍ ടീമില്‍ അംഗമാണ്. അജയ് റെഢിയാണ് ക്യാപ്റ്റന്‍. പ്രകാശാണ് വൈസ് ക്യാപ്റ്റന്‍. മറ്റു ടീമുകള്‍ ഇന്ന് കൊച്ചിയിലെത്തും. ഒരു കോടി രൂപയാണ് ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പത്തു ലക്ഷം രൂപ മാത്രമാണ് ഇതുവരെ സാമ്പത്തിക പിന്തുണയായി ലഭിച്ചതെന്നും കൂടുതല്‍ പിന്തുണ വരും നാളുകളില്‍ പ്രതീക്ഷിക്കുന്നതായും സിഎബികെ ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്‍ട്രി, സിഎബിഐ പ്രസിഡന്റ് എസ്.പി നാഗേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
















