കാവാലം: പതിമൂന്നാം നിയമസഭയുടെ അവസാന ബജറ്റ് അടുത്തമാസം അവതരിപ്പിക്കാനിരിക്കെ കാവാലം തട്ടാശേരി പാലത്തിന് പണം അനുവദിക്കണമെന്ന ആവശ്യം ശക്തമായി. മണ്ണ് പരിശോധന വിജയകരമായി പൂര്‍ത്തീകരിച്ചിട്ടും കഴിഞ്ഞ രണ്ട് ബജറ്റുകളിലുണ്ടായ അവഗണനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
മങ്കൊമ്പ്, കൈനകരി മുണ്ടയ്‌ക്കല്‍ പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങുകളില്‍ കാവാലം തട്ടാശേരി പാലത്തിന് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പണം അനുവദിക്കുമെന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ ബജറ്റിനുമുമ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പിയും ഇതുസംബന്ധിച്ച് വാഗ്ദാനം നല്‍കിയിരുന്നു. കുട്ടനാട്ടിലെ ഏറ്റവും തിരക്കേറിയ കടത്തുകടവാണ് തട്ടാശേരിയിലേത്. 2012ലെ ബജറ്റില്‍ പാലത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തിയിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ബ്രിഡ്ജസ് വിഭാഗം 2013 സെപ്തംബറില്‍ മണ്ണിന്റെ ഘടന പരിശോധിക്കുകയും ഈ ഭാഗം പാലം നിര്‍മ്മാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. എങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. കാവാലം പാലം നിര്‍മ്മാണത്തിന് ബജറ്റില്‍ പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇതിനായി എം.പി , എം.എല്‍.എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാവാലം പാലം സമ്പാദക സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനായി കാവാലം സൂര്യ ക്ലബ്ബ് ഹാളില്‍ 17 ന് വൈകിട്ട് മൂന്നിന് യോഗം ചേരും.
















