ആലപ്പുഴ: പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം 17നും ഫെബ്രുവരി 21നും നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വസന്ത കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
17ന് രാവിലെ എട്ടിന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ജി. സുധാകരന്‍ എംഎല്‍എ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയിലെ അഞ്ചുവയസിന് താഴെ പ്രായമുള്ള 1,47,218 കുട്ടികള്‍ക്കാണ് ഇത്തവണ പ്രതിരോധ തുള്ളിമരുന്ന് നല്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, സാമൂഹ്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ കേന്ദ്രങ്ങള്‍, ആംഗന്‍വാടികള്‍, ബസ് റെയില്‍വേ സ്‌റ്റേഷനുകള്‍, പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ബൂത്തുകള്‍, മൊബൈല്‍ ബൂത്തുകള്‍, എന്നിവിടങ്ങളിലായി 1,209 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വാക്‌സിന്‍ നല്കുന്നത്. തുടര്‍പ്രതിരോധ മരുന്ന് വിതരണ ഭാഗമായി ഫെബ്രുവരി 21നും പോളിയോ വാക്‌സിന്‍ വിതരണം നടക്കും. 2011നു ശേഷം ഇന്ത്യയിലും 2000ത്തിനുശേഷം കേരളത്തിലും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രോഗവ്യാപനം കണക്കിലെടുത്താണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ഇന്ത്യയില്‍ തുടരുന്നതെന്ന് ഡിഎംഒ പറഞ്ഞു. പത്രസമ്മേളനത്തില്‍ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. എ.ബി. മോഹന്‍ദാസ്, ഡോ. സംഗീത ജോസഫ്, ജി. ശ്രീകല, വസന്തിലാല്‍ എന്നിവരും പങ്കെടുത്തു.
















