ആലപ്പുഴ: നിലവില്‍ സബ്‌സിഡി ലഭിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു പുറമേ സംസ്ഥാനത്ത് 5,600 പേര്‍ക്കു കൂടി മണ്ണെണ്ണ സബ്‌സിഡി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കെ. ബാബു പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മണ്ണെണ്ണ ബങ്കിന്റെ ഉദ്ഘാടനം അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ വളഞ്ഞവഴിയിലെ ബങ്കില്‍നിന്ന് 1,400 പേര്‍ക്കും അര്‍ത്തുങ്കലിലെ ബങ്കില്‍നിന്ന് 8,00 പേര്‍ക്കും ഉള്‍പ്പെടെ 2,200 മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മണ്ണെണ്ണ സബ്‌സിഡി ലഭിക്കും. സിവില്‍ സപ്ലൈസ് വകുപ്പ് പെര്‍മിറ്റ് അനുവദിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് 25 രൂപ സബ്‌സിഡിയോടെയാണ് മണ്ണെണ്ണ നല്‍കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹകരണത്തോടെയാണ് അര്‍ത്തുങ്കലില്‍ ബങ്ക് ആരംഭിച്ചത്. പി. തിലോത്തമന്‍ എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു.
















