ആലപ്പുഴ: ക്ഷേത്രത്തില്‍ നിന്നും പൂജാപാത്രങ്ങള്‍ ഉള്‍പ്പടെയുളള മോഷ്ടിച്ച് കടന്ന ശാന്തിക്കാരനെ സംരക്ഷിച്ച് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത് സിപിഎം നേതാവായ മുന്‍ കൗണ്‍സിലര്‍. ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡിലെ ശ്രീശിവനാഗക്ഷേത്രത്തിലെ ശാന്തിക്കാരാനായ കണിച്ചുകുളങ്ങര സ്വദേശിയാണ് ഇവിടെ നിന്നും പൂജാപാത്രങ്ങളും വിളക്കുകളും മറ്റും മോഷ്ടിച്ചത്.
ക്ഷേത്രം ഭാരവാഹികള്‍ ഇത് കണ്ടെത്തുകയും ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാമെന്ന് ചില സിപിഎം നേതാക്കള്‍ ഇടനിലക്കാരായി നിന്ന് അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ പ്രതിയുമായി സ്റ്റേഷനിലെത്തിയത് സിപിഎം നേതാവായ മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറാണ്. മോഷണക്കേസിലെ പ്രതിയെ സംരക്ഷിക്കാനെത്തിയ മുന്‍ കൗണ്‍സിലറുടെ നടപടിയിലല്‍ പ്രതിഷേധമുയര്‍ന്നു. കേസ് ഒത്തുതീര്‍പ്പാക്കുന്നതിനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിലും അതിന് തയ്യാറല്ലെന്ന് ക്ഷേത്രയോഗം രക്ഷാധികാരി സജീവന്‍ പറയുന്നു.
















