ചാനലിലെ അന്തിച്ചര്‍ച്ച. വിഷയം സിപിഎമ്മിന്റെ മൃദുഹിന്ദുത്വം. തലക്കെട്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയ സംഘപരിവാര്‍ ചാരന്മാര്‍ പണിതുടങ്ങിയോ? അടിസ്ഥാനം കണ്ണൂരിലെ കമ്യൂണിസ്റ്റ് മതഗോഷ്ഠികള്‍. ചര്‍ച്ചകളില്‍ സ്ഥിരസാന്നിദ്ധ്യമായ ഇടതുരാഷ്‌ട്രീയ നിരീക്ഷകനുണ്ട്. പേരു പറയുന്നില്ല, ക്ലൂ തരാം-പുറമെ ചുവന്ന, കത്തിവേഷമാണെങ്കിലും അടിയില്‍ പച്ചത്താടി; അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കത്തെപ്പറ്റി ചര്‍ച്ച ചെയ്താലും മൂന്നാറിലെ നീലക്കുറുഞ്ഞിയെപ്പറ്റി ചര്‍ച്ച ചെയ്താലും ഗുജറാത്തിനും മോദിക്കുമിട്ട് രണ്ടു തെറി ഉറപ്പ്…! ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ക്ക് വാക്കുതിരിച്ചെടുക്കാന്‍ കഴിയാത്ത മലവെള്ളപ്പാച്ചില്‍ പോലെയായിരിക്കും മറുപടി. ഒപ്പം കുറെ ഇംഗ്ലീഷു പേരും പ്രത്യയശാസ്ത്രവുമൊക്കെ കൂടിയാകുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കൊന്നും പിടികിട്ടുകയുമില്ല.
‘കറുത്ത മുത്ത്’ന്റെ ഇരുണ്ട മാനസികാവസ്ഥയില്‍നിന്നു കഷ്ടിച്ചുപുറത്തുവന്ന് കൊണ്ടാട്ടം കൊറിച്ചുകൊണ്ട് ടിവിയിലേക്കു നോക്കിയിരിക്കുകയായിരുന്ന വീട്ടുകാരത്തി മലവെള്ളപ്പാച്ചില്‍ കേട്ട് അമ്പരന്ന് ‘കൊടിയേറ്റ’ത്തിലെ ഗോപിയുടേതുപോലൊരു ഡയലോഗ് ‘ഹൊ! എന്തൊരറിവ്..’
”അതിനു നിനക്കെന്തെങ്കിലും തിരിഞ്ഞോ?””എനിക്കൊന്നും മനസ്സിലായില്ല, അതല്ലേ പറഞ്ഞത്. നിങ്ങള്‍ക്കോ?
മനസ്സിലായി. മൂന്ന് വാക്ക്-ജൈവപച്ചക്കറി, പോസ്റ്റ് മോഡേണ്‍, അഡ്രസിങ്-”ഇടതുഗോഷ്ഠികള്‍ക്കുള്ള ന്യായീകരണമായി!”
”എന്നതാ ഈ ജൈവ പച്ചക്കറി?”
”പറയാം. കഴിഞ്ഞ ഓണക്കാലത്ത് മത്തായിച്ചേട്ടന്റെ വാഴത്തോട്ടത്തില്‍, പുള്ളിക്കാരന്‍ കണ്ണിനു ഫ്യുറഡാനിട്ടും ചെള്ളിനു ‘മലാത്തിയോണ്‍’ അടിച്ചും യൂറിയാക്കുഞ്ഞുങ്ങളാക്കി വിളയിച്ച ഏത്തവാഴയിലെ പേട്ടുകുലകളൊക്കെ ഒരു കൂട്ടര്‍ ചുളുവിലക്കു വാങ്ങിക്കൊണ്ടുപോയി ‘ജൈവപച്ചക്കറി’ എന്നൊരു ഫ്‌ളെക്‌സും വച്ച് കൂടിയ വിലയ്‌ക്ക് വില്‍ക്കുന്നതുകണ്ടില്ലേ, അതുതന്നെ.”
”പോസ്റ്റ് മോഡേണ്‍ അഡ്രസിങ്ങോ?”
”നമുക്ക് ഗോഷ്ഠിയെന്നു തോന്നും; അതല്ലേ ഇടതുപക്ഷം ചെയ്യുന്നത്. മകരച്ചൊവ്വ ബുധനാഴ്ച ആചരിക്കുക, അഷ്ടമിരോഹിണിക്ക് ഓണാഘോഷം. മണിയറയില്‍ വേണ്ട ആദ്യരാത്രി മറൈന്‍ ഡ്രൈവില്‍…ഇടതും വലതും മാറി മാറി ഭരിച്ച് മതേതരത്തിന്റെ വികസനംകൊണ്ട് ഇരിക്കപ്പൊറുതി മുട്ടിയ കേരളത്തില്‍, മാലിന്യക്കൂമ്പാരത്തില്‍ ഭക്ഷണം തിരയുന്ന ആദിവാസിക്കുഞ്ഞുങ്ങളെ കണ്ടില്ലേ? അവരുടെ ദാരിദ്ര്യത്തെ അഡ്രസ് ചെയ്യാന്‍ ക്യാമറാ വെളിച്ചത്തില്‍ സഖാക്കള്‍ അവരോടൊപ്പം ഭക്ഷണം തിരഞ്ഞ് അവരെപ്പോലെ വാരിത്തിന്നാല്‍ അത് പോസ്റ്റ് മോഡേണ്‍ അഡ്രസിങ്. വോട്ടുവേണ്ടേ? ദാരിദ്ര്യനിര്‍മാര്‍ജനമല്ല, ഈ പോസ്റ്റ്‌മോഡേണ്‍ അഡ്രസിങ്ങിന്റെ പ്രത്യേകത. ദരിദ്രരെ സൃഷ്ടിച്ച് അവരോടൊപ്പം ചേര്‍ന്ന് അവരെ അഡ്രസ് ചെയ്യുക… പോസ്റ്റ് മോഡേണ്‍ കമ്മ്യൂണിസം!”
റോഡില്‍ എന്തോ ശബ്ദം. ജനലിലൂടെ പുറത്തേക്ക് നോക്കി. ഒന്നുരണ്ടുപേര്‍ ഇരുട്ടിന്റെ മറപറ്റി പട്ടി യോഗ ചെയ്യുന്നതുപോലെ പതുങ്ങിപ്പതുങ്ങി നീങ്ങുന്നു. അച്ചുമാമന്‍ വകയും ഉമ്മച്ചായന്‍വകയും ആര്‍ഭാടമായ രണ്ട് ഉദ്ഘാടനം കഴിഞ്ഞിട്ടും ഇന്നേവരെ തുറക്കാത്ത കാടുപിടിച്ചുകിടക്കുന്ന സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വരാന്തയില്‍ വീടും കുടിയുമില്ലാത്ത, സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള കുറെ നാടോടികള്‍ ക്യാമ്പു ചെയ്യുന്നുണ്ട്. ആ ദിശയിലേക്കാണ് ടി യോഗ ചെയ്യുന്നവരുടെ നിഴലാട്ടം…
”തലചായ്‌ക്കിനിടമില്ലാത്ത പട്ടിണിപ്പാവങ്ങളോടൊപ്പം ശയിച്ച് അവരുടെ ദാരിദ്ര്യത്തെ അഡ്രസ് ചെയ്യുക-അവര്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു പോകുന്നത് ഒരു പോസ്റ്റ് മോഡേണ്‍ അഡ്രസിങ്ങിനായിരിക്കാം..”
-പറഞ്ഞുതീര്‍ന്നില്ല, പച്ചത്തെറിയും ‘പടേ’ എന്നൊരടിയൊച്ചയും. അങ്ങോട്ടുപോയ പോസ്റ്റുമോഡേണുകള്‍ പിന്നെ എങ്ങോട്ടുമുങ്ങി എന്നു കണ്ടില്ല. ഇതാണ് പോസ്റ്റ് മോഡേണ്‍ അഡ്രസിങ്ങിന്റെ ‘ഓപ്പസിറ്റ്’-നല്ല പഴഞ്ചന്‍ അടി! കക്ഷത്തിരുന്നതും പോകും, ഉത്തരത്തേലുള്ളതൊട്ടു കിട്ടുകയുമില്ല.
വാല്‍ക്കഷണം
നവകേരള കുരുക്ഷേത്രത്തിലെ പോസ്റ്റ് മോഡേണ്‍ ഗീതോപദേശ ബോര്‍ഡ് ‘ചാനലില്‍ക്കണ്ട് വീട്ടുകാരത്തി ചിരിച്ചുചിരിച്ചു മണ്ണുകപ്പി- ”തീരെ യോജിക്കുന്നില്ല കേട്ടോ, ജയരാജന്റെ മുഖം ശ്രീകൃഷ്ണനും പിണറായി മുഖം അര്‍ജുനനും!” രാഷ്‌ട്രീയ ബോധമില്ലെങ്കിലും അവള്‍ പറഞ്ഞതെത്ര ശരി. ഇങ്ങനെയാണ് ഒരു പ്രസ്ഥാനം തമാശയാകുന്നതും നേതാക്കള്‍ കോമാളികളാകുന്നതും!
















