കൊച്ചി: സയ്യദ് മുഷ്ത്താഖ് അലി ട്രോഫി ട്വന്റി- 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ഇന്നാരംഭിക്കും. കേരളം ആദ്യ മത്സരത്തില്‍ മുംബൈയെ നേരിടും. മുംബൈ വാംഗഡെ സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ ലീഗില്‍ കേരളമടങ്ങുന്ന എ ഗ്രൂപ്പില്‍ മുംബൈക്ക് പുറമെ വിദര്‍ഭ, ബറോഡ എന്നീ ടീമുകളാണുള്ളത്. കേരളം ശനിയാഴ്ച ബറോഡയെയും തിങ്കളാഴ്‌ച്ച വിദര്‍ഭയെയും നേരിടും.
കൊച്ചിയില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ഒന്നാമതെത്തിയാണ് കേരളം സൂപ്പര്‍ ലീഗിലെത്തിയത്. 6 ലീഗ് മത്സരങ്ങളില്‍ 5 എണ്ണവും വിജയിച്ച കേരളം ഝാര്‍ഖണ്ഡിനോട് മാത്രമാണ് കേരളം പരാജയപ്പെട്ടത്. ലീഗില്‍ 247 റണ്‍സെടുത്ത രോഹന്‍ പ്രേമും, 245 റണ്‍സെടുത്ത സഞ്ജു സാംസണും മികച്ച ഫോമിലാണെന്നത് കേരളത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്താണ് രോഹനും സഞ്ജുവും. ട്വന്റി – ട്വന്റിയില്‍ 1000 റണ്‍സ് നേടുന്ന ആദ്യത്തെ കേരള കളിക്കാരനെന്ന നേട്ടവും ഈ ടൂര്‍ണ്ണമെന്റിനിടെ രോഹന്‍ സ്വന്തമാക്കി.
2010- 2011 സീസണിലാണ് കേരളം ആദ്യമായി സയ്യദ് മുഷ്ത്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ക്വാര്‍ട്ടറിലെത്തുന്നത്. 2012-13, 2013-14 സീസണിലും കേരളം സൂപ്പര്‍ ലീഗിലേക്ക് ക്വാളിഫൈ ചെയ്യ്തിരുന്നു.
















