ന്യൂദല്‍ഹി: മാഗി നൂഡില്‍സ് ഭക്ഷ്യയോഗ്യമാണോയെന്ന് വീണ്ടും പരിശോധനക്ക് വിധേയമാക്കണമെന്ന് സുപ്രീംകോടതി. മാഗിയുടെ സാമ്പിളുകള്‍ മൈസൂരിലെ ലാബോറട്ടറിയില്‍ പരിശോധിച്ച് എട്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.
മാഗി നൂഡില്‍സിന് അനുമതി നല്‍കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നിര്‍ദ്ദേശം. അനുവദനീയമായതിലും അധികം അളവില്‍ ലെഡിന്റെയും ഗ്ലൂട്ടമിക് ആസിഡിന്റെയും അംശം ഉണ്ടോ എന്ന് വ്യക്തമാകാന്‍ വേണ്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.
നേരത്തെ മാഗി സുരക്ഷിതമാണെന്ന് കാട്ടി രാജ്യത്തെ വിവിധ ലാബുകളില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് നെസ്‌ലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മാഗി കഴിക്കുന്നവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നും അതുകൊണ്ടു തന്നെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മാഗിയിലെ രാസവസ്തുക്കളുടെ അളവ് സംബന്ധിച്ച് കൃത്യമായ വിവരം ലഭിയ്‌ക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
മാഗിയില്‍ ഈയത്തിന്റെ അംശം അപകടകരമായ തോതില്‍ ഉള്ളതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്നു കാണിച്ച് കഴിഞ്ഞ ജൂണിലാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ മാഗി നിരോധിച്ചത്. എന്നാല്‍, രണ്ട് മാസത്തിനു ശേഷം സര്‍ക്കാര്‍ നിരോധനത്തെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി ഉപാധികളോടെ മാഗി നിരോധം എടുത്തുകളഞ്ഞു.
സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ച ശേഷമേ വിപണിയില്‍ ഇറക്കാവൂ എന്ന നിര്‍ദേശത്തോടെയായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനെതിരെ മഹാരാഷ്‌ട്ര സര്‍ക്കാരും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും രംഗത്ത് വരികയായിരുന്നു.
















