കാഞ്ഞങ്ങാട്: ബാനം ഗവ.ഹൈസ്കൂളിള് അധ്യാപകരെ നിയമിക്കാത്തതിനാല്‍ എസ്എസ്എല്‍സി പഠനം നിലച്ചു. ബാനം യുപി സ്കൂള്‍ 2013 ല്‍ ആണ് ആര്‍എംഎസ്എ പദ്ധതിയില്‍പ്പെടുത്തി ഹൈസ്കൂളാക്കി ഉയര്‍ത്തിയത്. അധ്യാപകരെ നിയമിക്കാത്തതിനാല്‍ രണ്ട് വര്‍ഷം പിടിഎ അധ്യാപകരെ നിയമിച്ച് സ്കൂളിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയി.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 3.10.2015ന് നാല് അധ്യാപക തസ്തികകള്‍ അനുവദിച്ച് ജനറല്‍ സ്കൂളാക്കി മാറ്റിയിരുന്നെങ്കിലും ഇതുവരെയും സ്ഥിരനിയമനം നല്‍കിയിട്ടില്ല. ഹൈസ്കൂളാക്കി ഉയര്‍ത്തിയിരുന്നെങ്കിലും അധ്യാപകരില്ലാത്തതിനാല്‍ എസ്എസ്എല്‍സി ആദ്യബാച്ച് പിടിഎ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. അടുത്ത വര്‍ഷം വീണ്ടും പത്താംതരത്തിലേക്ക് കുട്ടികളെത്തുകയാണ്. കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 14ന് കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ ഓഫീസ് ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് പിടിഎ അധികൃതരും വിദ്യാര്‍ഥികളും. ഹൈസ്കൂള്‍ വിഭാഗത്തില്‍ 8, 9 ക്ലാസുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സമീപ കോളനികളായ ബാനം, കോട്ടപ്പാറ, മുണ്ട്യങ്ങാനം, കാടന്മൂല, പുലിയംകുളം, ക്ലായിക്കോട് എന്നിവടങ്ങളിലെ പാവപ്പെട്ട കുട്ടികളാണ് ഇവിടെ ഏറെയും പഠനം നടത്തുന്നത്. വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപ വീതം അധ്യാപകര്‍ക്ക് വേതനം നല്കി കടുത്ത സാമ്പത്തിക ബാധ്യതയാണ് സ്കൂളിന് ഉണ്ടായിട്ടുള്ളത്. അധ്യായന വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം ബാക്കിനില്ക്കെയെങ്കിലും സ്ഥിരം അധ്യാപകരെ സര്‍ക്കാര്‍ നിയോഗിച്ചാല്‍ അത്രയും സാമ്പത്തിക ബാധ്യത കുറയുമെന്നും പിടിഎ പറയുന്നു. അതിന് വിദ്യാഭ്യാസ വകുപ്പ് കനിയുമെന്ന പ്രതീക്ഷയിലാണ് സ്കൂള്‍ അധികൃതരും വിദ്യാര്‍ഥികളും. ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ രണ്ട് പേരെ നിയമിക്കുമെന്ന് ഡിഡിഇ അറിയിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ അധ്യാപകരെയും നിയമിക്കണമെന്നാണ് സ്കൂള്‍ അധികൃതരുടെ ആവശ്യം.
സമാനകാലത്ത് ഹൈസ്കൂളായി ഉയര്‍ത്തിയ കൂളിയാട് സ്കൂളില്‍ അഞ്ച് അധ്യാപകരെ നിയമിച്ചിരുന്നു. ബാനം സ്കൂളിലെ കുട്ടികളോട് മാത്രം കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് അടിയന്തിരമായും അധ്യാപകരെ നിയമിക്കണമന്ന് പിടിഎ ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് ബാനം കൃഷ്ണന്, എംപിടിഎ പ്രസിഡന്റ് എ.ഗീതാമണി, കോടോം ബേളൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടി.വി.ഉഷ, പാച്ചേനി കൃഷ്ണന്, കെ.എന്‍.ഭാസ്കരന്, മുഹമ്മദ് ഷാഫി, ഉഷ വിജയന്, തുളസി രാമചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: