ആലപ്പുഴ: സിപിഎമ്മുകാരിയായ രാജ്യസഭ എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ ആംബുലന്‍സ് മഴയും വെയിലുമേറ്റ് നശിക്കുന്നു. കിടപ്പുരോഗികളുടെ സാന്ത്വന പരിചരണത്തിനായി സിപിഎം നേതൃത്വത്തില്‍ രൂപീകരിച്ച കാരുണ്യ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കായി വാങ്ങിയ ഹൈടെക് ആംബുലന്‍സാണ് നശിക്കുന്നത്.
ടി.എന്‍.സീമ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍പ്പെടുത്തി 2010-2011 സാമ്പത്തിക വര്‍ഷത്തിലാണ് 15,04,625 രൂപ മുടക്കി് അത്യാധുനിക സംവിധാനത്തോടെയുള്ള ഹൈടെക് ആംബുലന്‍സ് വാങ്ങിയത്. ആദ്യകാലങ്ങളില്‍ കാര്യക്ഷമമായി നടന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം പിന്നീട് മന്ദീഭവിച്ചതോടെയാണ്് ആംബുലന്‍സ് സേവനം നിലച്ചത്.
കഴിഞ്ഞ ഏഴു മാസമായി ആലപ്പുഴ നഗരസഭ ടൗണ്‍ഹാളിനു സമീപം ഷോപ്പിങ് കോംപ്ലക്‌സിനു പിന്നിലായി പാര്‍ക്ക് ചെയ്തിരിക്കുകയാണ് ഹൈടെക് ആംബുലന്‍സ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിനായി വാങ്ങിയ വാഹനം ഇത്തരത്തില്‍ നശിപ്പിക്കുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കൊലപാതക രാഷ്‌ട്രീയത്തിന് നേതൃത്വം നല്‍കുന്ന സിപിഎം പൊതുജനങ്ങള്‍ക്കു മുന്നില്‍ മുഖം മിനുക്കാന്‍ തട്ടിക്കൂട്ടി രൂപീകരിച്ചതായിരുന്നു കാരുണ്യ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി. സിപിഎം ജില്ലാകമ്മറ്റിയംഗമായ പി. പി. ചിത്തരഞ്ജനായിരുന്നു സൊസൈറ്റിയുടെ മുഖ്യചുമതലക്കാരന്‍. ജില്ലയിലടക്കം നിരവധി ആശുപത്രികളില്‍ ഇപ്പോഴും ആംബുലന്‍സ് സൗകര്യമില്ല. വാഹനാപകടങ്ങില്‍പ്പെട്ടവര്‍ക്ക് പോലും അത്യാവശ്യത്തിന് ആംബുലന്‍സ് ലഭിക്കാത്ത ദുരവസ്ഥയുണ്ട്.
ഈ സാഹചര്യത്തില്‍ സിപിഎം സംഘടനയ്‌ക്ക് ആംബുലന്‍സ് വാങ്ങാന്‍ പൊതുപണം നല്‍കി എംപി അധികാര ദുര്‍വിനിയോഗം കാട്ടിയത്.
















