അന്ധതക്കു ഇടം കൊടുക്കാതെയും ഭൂമിയെ മന്ദമായി ഭവിപ്പിക്കാതെയും സദാനേരവും സൗമ്യവും സാഹോദര്യവും ആയിരിക്കുന്നത് ആകാശവും അതിലെ ഗോളങ്ങളും വിശിഷ്യാ സൂര്യനുമാകുന്നു. ഇങ്ങനെ ഇന്ന വിധമെന്നു വര്‍ണ്ണിക്കാന്‍ പാടില്ലാത്ത അവസ്ഥയെക്കൊണ്ടു ആകാശം ഭൂമിയെ രക്ഷിക്കുന്നു. ഏകമേവ (എല്ലാം ഒന്ന്). സാഹോദര്യം പ്രത്യക്ഷീഭവിപ്പിക്കുന്നു. ഇങ്ങനെയിരിക്കെ ആകാശവും ഭൂമിയും രണ്ടായി കാണപ്പെടുന്നു എങ്കിലും ഒന്നായിട്ടത്രെ യഥേഷ്ടം സ്ഥിതിചെയ്യുന്നത്.
ഇതിനു പുറമെ ഭൂമി ജലത്താല്‍ മന്ദീഭവിച്ച് പൂര്‍വ്വസ്ഥാനത്ത് പ്രാപിക്കാതിരിപ്പാന്‍ വേണ്ടി മേഘങ്ങളില്‍ നിന്നും ആകര്‍ഷണ നിയമമാം വണ്ണം ചൂടു കൊടുത്ത് വെയില്‍ വായു ഇതുകളെ കൊണ്ട് ജലം അംശാംശമായി എടുത്ത് മേഘങ്ങളിലേക്ക് ലയിപ്പിച്ച് ഭൂമിയെ മന്ദതയില്‍ നിന്ന് വീണ്ടെടുത്തു മഞ്ഞ്, മഴ മുതലായവയായി തിരികെ കൊടുത്തു രക്ഷിക്കുന്നു. ഇതുകൊണ്ട് ഇവര്‍ പരസ്പരം സഹോദരത്വത്തെ കാണിക്കുന്നു.
ഈ അവസ്ഥയത്രെ പ്രകൃതി ശക്തി എന്ന് ചിന്തകന്മാര്‍ പറയുന്നത്. പഞ്ചഭൂതങ്ങളുടെ ഓരോ ശക്തികളും ഒന്നായി ചേര്‍ന്നെങ്കില്‍ മാത്രമെ ഒരു സസ്യം മുളയ്‌ക്കുന്നതിനോ ജീവരാശികളില്‍ ഒന്നു ജനിക്കുന്നതിനോ സാധിക്കുന്നുള്ളു. എന്നുള്ള ദൃഢവിശ്വാസം ശ്രുതികൊണ്ടും യുക്തി കൊണ്ടും അനുഭവം കൊണ്ടും ഏവര്‍ക്കും വരുത്താവുന്നതാണ്.
















