അയ്യപ്പദേവസ്ഥാനം ജോഹാര്‍ മലേഷ്യയുടെ നേതൃത്വത്തില്‍ മലേഷ്യയിലെ ജോഹര്ബറുവില് ശബരിമല മാതൃകയില്‍ നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മഹാകുഭാഭിഷേകം 22ന് നടക്കുമെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 6ന് ഗണപതിഹോമം, കലശപൂജ, ബ്രഹ്മകലശപൂജ, 10.30നും 12നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ മഹാകുംഭാഭിഷേകവും മഹാശാസ്താപൂജയും നടക്കും. വൈകിട്ട് 6ന് പടിപൂജ, പുഷ്പാഭിഷേകം, അന്നദാനം എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് തിരുവല്ല പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന് ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. എല്ലാദിവസവും നടതുറക്കുന്ന ഇവിടുത്തെ വിശേഷാല്‍ പൂജകളും ചടങ്ങുകളും ശബരിമല ക്ഷേത്രത്തിനു സമാനമാണ്.
2012 സെപ്തംബറിലാണ് ശബരിമല മുന്‍ മേല്‍ശാന്തി എഴിക്കാട് ശശിനമ്പൂതിരിയുടെയും, തൃപ്പൂണിത്തുറ ജയപ്രകാശ് ശര്‍മ്മയുടെയും കാര്‍മ്മികത്വത്തില്‍ ക്ഷേത്രത്തിന്‘ഭൂമി പൂജയും ശിലാന്യാസവും നടത്തി. ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ ഒരേക്കര്‍ ഭൂമി മലേഷ്യന്‍ സര്‍ക്കാര്‍ നല്കി. നിര്‍മാണസാമഗ്രികള്‍ കേരളത്തില്‍ നിന്നാണ് എത്തിച്ചത്. ഏഴുകോടി രൂപയാണ് മൊത്തം ചിലവ്. വാസ്തു ഉപദേഷ്ടാവ് കാണിപ്പയ്യൂര്‍ മകന് കൃഷ്ണന് നമ്പൂതിരിയും, ക്ഷേത്രത്തിന്റെ ശില്‍പ്പി സുനില്‍ കൃഷ്ണ തൃശൂരുമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജെഎസ് ഗ്രൂപ്പ് തൃശൂരാണ് നിര്‍വ്വഹിക്കുന്നത്.
മഹാകുംഭാഭിഷേകത്തിന്റെ ഭാഗമായി മാര്‍ച്ച് മൂന്നിന് നടക്കുന്ന നാല്‍പ്പത്തിയൊന്നാം കലശപൂജാചടങ്ങുകളില് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രഭരണസമിതിചെയര്മാന് സുരേഷ്വി. നായര്‍, സെക്രട്ടറി ഫര്‍ഷാന്‍, ഉപദേഷ്ടാവ് രാമ കൃഷ്ണന്,എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സര്‍ഗുണ, കോര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ ഇരുപ്പക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: