രവീന്ദ്രന് കൊട്ടോടി
കാസര്‍കോട്: ക്ഷേത്രകലകള്‍ കലോത്സവ വേദികളില്‍ നിന്ന് കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സത്യമാണ് കാസര്‍കോട് റവന്യു ജില്ലാ കലോത്സവത്തില്‍ ഇന്ന ലെ കണ്ടത്. പല മത്സരങ്ങളിലും മത്സരാര്‍ത്ഥികള്‍ തന്നെ ഇല്ലാത്ത അവസ്ഥയാണുള്ളത്. ജില്ലയില്‍ ക്ഷേ ത്രകലകളില് പ്രാഗല്ഭ്യമുള്ള ഗുരുക്കന്മാരുടെ അഭാവവും പഠിപ്പിക്കാന്‍ നല്‍കേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയും രക്ഷിതാക്കളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. തായമ്പക, ചെണ്ടമേളം. പഞ്ചവാദ്യം എന്നിവയില്‍ മഡിയന്‍ രാധാകൃഷ്ണമാരാര്‍, നീലേശ്വരം സന്തോഷ് മാരാര്‍, ചിറക്കാല നന്ദകുമാര്‍ മാരാര്‍, കലാനിലയം സതീഷ് എന്നിവരാണ് ജില്ലയിലെ പ്രധാന പരിശീലകര്‍. കഥകളി സംഗീതം, കഥകളി എന്നിവ പഠിക്കാന്‍ കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് നല്ല ഗുരുക്കന്മാരും പരിശീലകരും ഉള്ളത്. കഥകളി അഭ്യസിച്ച് സ്റ്റേജില്‍ അവതരിപ്പിക്കാന്‍ ഒരു മത്സരാര്‍ഥിക്ക് ഏകദേശം 60000 രൂപ വരെ ജില്ലാ കലോത്സവത്തിന് മാത്രം ചിലവ് വരുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംസ്ഥാനത്തേക്ക് അര്‍ഹത നേടിയാല്‍ അതിലും മേലയാകും. ഇന്നലെ നടന്ന കഥകളി മത്സരത്തില്‍ ഒരു മത്സരാര്‍ഥി മാത്രമാണുണ്ടായിരുന്നത്. സാമ്പത്തിക ബാധ്യതയാണ് ഇതിനും തടസമാകുന്നത്. നീലേശ്വരം രാജാസ്, കാഞ്ഞങ്ങാട് ദുര്‍ഗ ഹര്‍സെക്കണ്ടറി, ലിറ്റില്‍ ഫ്ളവര്‍ സ്കൂളുകളാണ് ചെണ്ട വാദ്യത്തില്‍ സ്ഥിരമായി മത്സരരംഗത്തുള്ളത്. അമിത ചിലവ് വരുംകാലങ്ങളില്‍ ക്ഷേത്രകലകളെ കലോത്സവവേദികളില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്നതാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: