കല്‍പ്പറ്റ: കലക്ടറേറ്റിലെ ജീവനക്കാരിയോട് സഹപ്രവര്ത്തകന് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ വൈകുന്നുവെന്ന് ആരോപണമുയര്ന്നതിനിടക്ക് കലക്ടറേറ്റിലെ വനിതാ ജീവനക്കാര്‍ ഇന്നലെ എ.ഡി.എമ്മിനെ വളഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം. എന്‍.ജി.ഒ.യൂണിയന് നേതൃത്വത്തിലാണ് ജീവനക്കാരികള്‍ എ.ഡി.എമ്മിനെ പ്രതിഷേധമറിയിച്ചത്. എന്തായാലും ഉടന്‍ നടപടി എടുക്കുമെന്ന് എ.ഡി.എം. ഉറപ്പു നല്കി. കലക്ടറേറ്റിലെ ഒരു ജീവനക്കാരന് തന്നോട് ലൈംഗീക ചുവയോട് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരി പരാതി നല്‍കിയിട്ട് ദിവസങ്ങളായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇതിനാധാരമായ സംഭവം നടന്നത്. ഹോളിഡേ ഡ്യൂട്ടിക്കായി കലക്ടറേറ്റില്‍ എത്തിയതായിരുന്നു ജീവനക്കാരി. ഞായറാഴ്ചയായതിനാല്‍ കലക്ടറേറ്റില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്ത്രീകള്‍ക്കെതിരായ ലൈംഗീകഅതിക്രമങ്ങള്‍ തടയാല്‍ നിയമം പ്രകാരം കലക്ടറേറ്റില്‍ രൂപീകരിച്ചിട്ടുള്ള സമിതിയുടെ തലവന്‍ എ.ഡി.എമ്മാണ്. എ.ഡി.എമ്മിനാണ് ജീവനക്കാരി പരാതി നല്‍കിയത്. എന്നാല്‍ ഭരണകക്ഷി രാഷ്ട്രീയ സമ്മര്‍ദം മൂലം നടപടി വൈകിപ്പിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്. പരാതിക്കാരിയും ആരോപണ വിധേയനും റവന്യൂ വകുപ്പ് ജീവനക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: