പത്തനംതിട്ട: കുച്ചുപുഡിയുടെ മാസ്മരിക പ്രകടനത്തില്‍ മനം കുളിര്‍ത്തത് സന്നിധാനത്തെത്തിയ ആയിരക്കണക്കിന് ഭക്തര്‍. ആന്ധ്രാ പ്രദേശില്‍ നിന്നും അയ്യപ്പദര്‍ശനത്തിനെത്തിയ പി.അരുണ്‍ സായ്കുമാറാണ് സന്നിധാനം ഓഡിറ്റോറിയത്തില്‍ അയ്യപ്പചരിതമുള്ക്കൊള്ളുന്ന ഗാനങ്ങള്‍ക്ക് ഭാവഭേദം പകര്‍ന്നാടിയത്. ഗണപതി സ്തുതിയോടുകൂടി ആരംഭിച്ച നൃത്തം എരുമേലി അയ്യപ്പസ്തുതിയും പമ്പാ ഗണപതി സ്തുതിഗീതങ്ങളും സന്നിധാനത്തിന്റെ മഹത്വവും പ്രത്യേകം രൂപപ്പെടുത്തിയ മണികണ്ഠ സ്തുതിയും അംബാവിവരണവുമെല്ലാം വേദിയില്‍ മിഴിവാര്‍ന്ന രീതിയിലാണ് അവതരിപ്പിച്ചത്.
മഹിഷാസുരമര്ദിനി അവതാര രൂപത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നൃത്തം രംഗത്ത് അവതരിപ്പിച്ചപ്പോള്‍ അയ്യപ്പഭക്തര്‍ അനുഗ്രഹത്തിനായി ഈ കലാകാരന്റെ കാല്ക്കലേക്ക് വീണത് നൃത്തത്തിന്റെ തന്മയീഭാവത്തിന് ലഭിച്ച അംഗീകാരമാണ്. വിശാഖ പട്ടണത്ത് താമസിക്കുന്ന 34 കാരനായ യുവനര്‍ത്തകന്‍ കഴിഞ്ഞ 18 വര്‍ഷമായി നൃത്തം പഠിപ്പിക്കുന്നു. പ്രശസ്ത കുച്ചുപുഡി കലാകാരന് വെമ്പാട്ടി ചിന്നസത്യത്തിന്റെ കീഴിലാണ് നൃത്തപഠനം നടത്തിയത്.
കുച്ചുപുഡിയില് ആന്ധ്ര സര്‍വ്വകലാശാലയിലെ ഡാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ പി.അരുണ്‍ സായ്കുമാര് അവിടെ തന്നെ അസി.പ്രൊഫസറായി ജോലിചെയ്യുകയാണ്. വിജയനഗരം മഹാരാജാസ് കോളേജില്‍ നിന്നും ഭരതനാട്യത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസായിട്ടുണ്ട്. സായ്നാഥ കലാസമിതി എന്ന പേരില്‍ നൃത്തവിദ്യാലയം വിശാഖപട്ടണം മാരിപാലത്തും ചെന്നൈയിലും മലേഷ്യയിലും കൊളംബോയിലും ന്യത്തപഠനകേന്ദ്രങ്ങള് നടത്തിവരുന്നു. പത്തോളം വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശബരീശ സന്നിധിയില്‍ ആദ്യതവണയാണ് നൃത്തം അവതരിപ്പിക്കുന്നത്.സിനിമ-ടെലിവിഷന്‍ പരിപാടികള്‍ക്കായി നൃത്തസംവിധാനമൊരുക്കിയിട്ടുണ്ട്. മലയാളത്തിലും തെലുങ്കിലുമായി സന്നിധാനത്ത് അവതരിപ്പിച്ച കുച്ചുപുഡിയും സ്വയം ചിട്ടപ്പെടുത്തിയതാണ്. കുച്ചുപുഡി നര്‍ത്തകി പി ഉമയാണ് ഭാര്യ, ദീപക്, വേദസിരി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: