നിലാവ് വിരിഞ്ഞുനിൽക്കുന്നത് അനുഭവം തന്നെയാണ്. ചെറിയ തണുപ്പുംകൂടി നിറഞ്ഞാലുള്ള കഥപറയാനുമില്ല. നിലാവിന്റെ തമ്പുരാനായ നിശാകാശത്തിലെ ചന്ദ്രന് സോമൻ, ചന്ദ്രമസ്സ് എന്നെല്ലാം പേരുകളുണ്ട്. സ്വന്തമായ പ്രകാശം അതിനില്ല. ”ആദിത്യന്റെ ജ്യോതിസ്സ്”കൈക്കൊള്ളുകയോ, ”സൂര്യന്റെ കിരണ ശരങ്ങളാൽ” അലംകൃതമാകുകയോ ആണ്‌ചെയ്യുന്നത്. ആദിത്യന്റെ കടം വാങ്ങിയ പ്രകാശമേ ചന്ദ്രനുള്ളൂ.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ (കലകൾ) നവജാതം, നവം, നിത്യനവം എന്നിങ്ങനെയാണ് വിവരിക്കപ്പെട്ടിട്ടുള്ളത്. അതിന്റെ കലകളിൽ ചിലതിന് പദങ്ങളാൽ പ്രത്യേക സംജ്ഞകൾ നൽകിയിട്ടുണ്ട്. അമാവാസിയുടെ തലേന്നാൾക്ക് ‘സീനിവാലി’ എന്നും പൗർണ്ണമിക്ക് ‘രാക’എന്നും പ്രത്യേക പേരുകളുണ്ട്. അമാവാസി ദിനത്തിൽ ചന്ദ്രനെ ആദിത്യൻ വിഴുങ്ങുന്നതായും അതിനാലാണ് കിഴക്കും പടിഞ്ഞാറുമുള്ള ആകാശത്തിലൊരിടത്തും ചന്ദ്രൻ ഇല്ലാതെ പോകുന്നതെന്നും ശതപഥ ബ്രാഹ്മണത്തിൽ പറയുന്നു.
ക്രമാനുഗതമായ അമാവാസികൾക്കോ, പൗർണ്ണമികൾക്കോ ഇടയിലുള്ള സമയത്തെ കാലത്തിന്റെ മാത്രയായി അതായത് മാസമായി വളരെ മുമ്പുതന്നെ സ്വീകരിച്ചിട്ടുണ്ട്. ഇതേരീതിയാണല്ലോ ബാബിലോണിയക്കാരും യവനരും അംഗീകരിച്ചത്. പല പദ്യ ഭാഗങ്ങളിലും സംവത്സരത്തെ 360 ദിവസങ്ങളായും 12 മാസങ്ങളായും വിഭജിച്ചുകൊണ്ടുള്ള സൂചനകാണാം. സംഹിതകളുടേയും ബ്രാഹ്മണങ്ങളുടേയും കാലത്ത് ഒരുമാസമെന്നത് 30 ദിവസമാണ്. ഒരുമാസത്തെ രണ്ടുപക്ഷങ്ങളായും വിഭജിച്ചു.
അമാവാസിമുതൽ പൗർണ്ണമി വരെയുള്ളത് ശുക്ലപക്ഷവും, പൗർണ്ണമിമുതൽ അമാവാസി വരെയുള്ളത് കൃഷ്ണപക്ഷവും ആയി. ഋഗ്വേദത്തിൽ നിസ്സംശയം ഇങ്ങനെ വ്യാഖ്യാനിക്കുന്നു.” ചക്രം ഒന്ന് വൃത്തഖണ്ഡങ്ങൾ പന്ത്രണ്ട്, ചക്രനാഭി മൂന്നും. ഇത് ഏതു മനുഷ്യൻ ഗ്രഹിച്ചു? ആരങ്ങൾ 360 ഘടിപ്പിച്ചിരിക്കുന്നു. അവയൊന്നുപോലും അഴിച്ചെടുക്കാൻ പറ്റില്ല.
















