പത്തനാപുരം: ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ സദാചാര ഗുണ്ടകളായ ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഇനിയും പിടികൂടിയില്ല. ഉന്നത രാഷ്‌ട്രീയ ഇടപെടലാണ് പിടികൂടാത്തതിന് പിന്നിലെന്നാണ് സൂചന. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച കൂടല്‍, പത്തനാപുരം പോലീസിന്റെ അട്ടിമറി നീക്കത്തിനെതിരെ പ്രതിഷേധം ശക്തം.
അഞ്ചല്‍ ചണ്ണപ്പേട്ട വള്ളി കിഴക്കേതില്‍ വീട്ടില്‍ ലിബിന്‍ ജോപ്പന്‍ (30),’ഭാര്യ ലിന്‍സി (28) എന്നിവരെയാണ് സദാചാരസംഘം കഴിഞ്ഞ മാസം 22ന് മര്‍ദ്ദിച്ചത്. കലഞ്ഞൂരിനും പത്തനാപുരത്തിനും മധ്യേ മൂഴിയില്‍ വിശ്രമിക്കാനായി ദമ്പതികള്‍ വാഹനം നിര്‍ത്തി. പിന്‍തുടര്‍ന്നെത്തിയ കാര്‍ ഇവരുടെ വാഹനത്തിന് പിന്നില്‍ കുറച്ച് അകലെ നിര്‍ത്തി. അല്‍പസമയത്തിനകം പത്തനാപുരത്ത് നിന്നെത്തിയ ഇരുചക്രവാഹനം കാറിന് സമീപത്തെത്തിയശേഷം മടങ്ങിവന്ന് ദമ്പതിമാരെ ചോദ്യം ചെയ്തു. അപ്പോഴേക്കും കാറിലുണ്ടായിരുന്നവരും ഇവരുടെ അടുത്തേക്ക് എത്തി.
ചോദ്യം ചെയ്യല്‍ വാക്കേറ്റത്തിലേക്ക് വഴിമാറിയതോടെ പ്രദേശവാസികള്‍ തടിച്ചുകൂടുകയും പ്രശ്‌നം പരിഹരിച്ച് ഇരുവരെയും പറഞ്ഞുവിടുകയും ചെയ്തു. ദമ്പതികള്‍ പത്തനാപുരം ചെമ്മാന്‍പാലത്തിന് അടുത്തെത്തിയപ്പോള്‍ വീണ്ടും പിന്തുടര്‍ന്നെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തുകയും ലിബിനെ മര്‍ദ്ദിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ഗര്‍ഭിണിയായ ലിന്‍സിക്കും മര്‍ദ്ദനമേറ്റു. നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും അക്രമികള്‍ വാഹനവുമായി രക്ഷപ്പെട്ടു. തുടര്‍ന്ന് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇരുവരെയും സമീപവാസികളാണ് ആശുപത്രിയിലാക്കിയത്. ഡല്‍ഹിയില്‍ ജോലിക്കാരായ ലിബിനും ഭാര്യയും കഴിഞ്ഞ 12നാണ് നാട്ടിലെത്തിയത്.
സംഭവത്തില്‍ കലഞ്ഞൂര്‍ ഒന്നാംകുറ്റി സ്വദേശികളായ വില്ലി ശാമുവേല്‍, സിബി, സഹോദരന്‍ സിജോ, ശരത്, ജിബിന്‍, നിതിന്‍ എന്നിവര്‍ക്കെതിരെ പത്തനാപുരം പോലീസും കൂടല്‍ പോലീസും കേസെടുത്തെങ്കിലും പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.
പ്രതികള്‍ ഒളിവിലാണെന്നും ഇവരുടെ പക്കലുളള മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതിനാല്‍ പിടികൂടാന്‍ ബുദ്ധിമുട്ടാണെന്നുമാണ് പോലീസ് പറയുന്നത്. രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് പോലീസ് അന്വേഷണം അട്ടിമറിക്കുകയാണന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















