കാഞ്ഞങ്ങാട്: നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനം മന്ദീഭവിച്ച മാലോം പടയംകല്ല് ക്വാറി വീണ്ടും പ്രവര്‍ത്തിക്കാനുളള അണിയറ നീക്കങ്ങള്‍ ആരംഭിച്ചു. ഇ.എഫ്.എല്‍ നോട്ടിഫൈഡ് പ്രദേശവും റിസര്‍വ് വനം ഉള്‍പ്പെടുന്ന ബളാല്‍ പഞ്ചായത്തിലെ പടയങ്കല്ലില്‍ ക്വാറിയും ക്രഷറും നിര്‍മ്മിക്കാനുള്ള നീക്കം പരിസ്ഥിതിയെയും വന്യജീവികളെയും സമീപത്തെ പട്ടിക വര്‍ഗ കോളനികളെയും ഗുരുതരമായി ബാധിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാ ഭരണാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബളാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മാലോം പടയംകല്ല് കുണ്ടുപ്പള്ളിയില്‍ പരിസ്ഥിതി ലോല വനമേഖലയുടെ രണ്ടരകിലോമീറ്ററോളം ഉള്‍ഭാഗത്തായുള്ള സര്‍വേ നമ്പര്‍ 146/4 എ2വില്‍പെട്ട കുണ്ടുപ്പള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന 120 ഏക്കറോളം സ്ഥലത്താണ് കരിങ്കല്‍ ക്വാറിയും ക്രഷറും എംസാന്‍ഡ് യൂണിറ്റും ആരംഭിക്കുന്നത്.
ചൈത്രവാഹിനി പുഴയുടെ ഉത്ഭവസ്ഥാനത്തോടു ചേര്‍ന്നാണ് ക്വാറി സ്ഥലം. 500-600 അടിക്കുമേലെ ഉയരമുള്ള മൂന്നിലധികം വെള്ളചാട്ടങ്ങള് ഇവിടെയുണ്ട്. ഈ വെള്ളച്ചാട്ടങ്ങള്‍ ഇല്ലാതായാല്‍ മാലോം ചാല് വറ്റിവരണ്ട് പരിസരപ്രദേശങ്ങളിലെയും താഴ്വരകളിലെയും ആയിരക്കണക്കിനായ ജനങ്ങളുടെ കുടിവെള്ളത്തിനും ജലസേചനത്തിനും കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുകയും ലഭ്യമാകുന്നത് മലിനമാവുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കരിങ്കല്‍ ഖനനത്തിനെതിരെ ചോലമല സംരക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പരിസ്ഥിതി നാശത്തിന് ബളാല്‍ പഞ്ചായത്തിലെ തന്നെ മുത്തപ്പന്‍മല ക്വാറി ഉദാഹരണമാണെന്നു സംരക്ഷണസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ 12 സെന്റില്‍ ആരംഭിച്ച കരിങ്കല്‍ ഖനനം 50 ഏക്കറില്‍ വ്യാപിച്ചപ്പോള്‍ 250 അടി താഴ്ചയുള്ള കുഴല്‍ കിണറിലെ വെള്ളം പോലും പാറയുടെ വിള്ളലിലൂടെ ഒലിച്ചിറങ്ങിയ വെടിമരുന്ന് കലര്‍ന്നതായിരുന്നു.
പടയംകല്ല് ക്വാറിക്ക് സമീപത്തായി 30 ഓളം ആദിവാസി കുടുംബങ്ങളിലായി 150 ഓളം പേര് താമസിക്കുന്നുണ്ട്. ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചോലമല സംരക്ഷണ സമിതിയുടെ കടുത്ത പ്രക്ഷോഭം ക്രഷര്‍ നിര്‍മാണം മന്ദഗതിയിലാക്കിയിരുന്നു.
എന്നാല്‍ വീണ്ടും ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കം നടക്കുന്നതായാണ് സൂചനകള്‍. ഇതിന് ഭരണാധികാരികളുടെ മൗനാനുവാദവും ലഭിച്ചിട്ടുണ്ട്. അനുവാദം നല്കിയാല് ക്രഷര്‍, ക്വാറി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതോടെ മറ്റു ക്വാറി പ്രദേശങ്ങളില്‍ സംഭവിക്കുന്നതുപോലെ ഇവര്‍ നരകയാതന അനുഭവിക്കേണ്ടി വരികയും നിസാരവിലയ്ക്കു സ്ഥലം ക്വാറി ഉടമയ്ക്കുതന്നെ വില്‍ക്കുകയും ചെയ്യേണ്ടുന്ന അവസ്ഥയാണ് പ്രദേശത്തുകാര്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: