ശ്രീരാമലക്ഷ്മണന്മാര്‍ തങ്ങളാരെന്നും എന്തിനിവിടെ വന്നുവെന്നും വെളിപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ മാരുതി കൈകൂപ്പിത്തൊഴുതുകൊണ്ട് പറഞ്ഞു. ”വാനരരാജാവായ സുഗ്രീവന്‍ പര്‍വതമുകളിലുണ്ട്. മന്ത്രിമാരായി ഞങ്ങള്‍ നാലുപേര്‍ കൂടെയുണ്ട്.
ജ്യേഷ്ഠനായ ബാലി അനുജനെ നാട്ടിന്‍നിന്ന് ആട്ടിയോടിച്ചു. സുഗ്രീവന്റെ ഭാര്യയെ അപഹരിക്കുകയും ചെയ്തു. ഋഷ്യമൂകാചലം സങ്കേതമാക്കി ഞങ്ങള്‍ കഴിയുന്നു. ഞാന്‍ സുഗ്രീവന്റെ ഭ്യത്യനായ വായുപുത്രനാണ്. അഞ്ജനാത്മജനായ ഹനുമാനെന്നുപേര്. ഞങ്ങളെ അങ്ങു രക്ഷിക്കണം. അങ്ങ് സുഗ്രീവനുമായി സഖ്യം ചെയ്യുകയാണെങ്കില്‍ രണ്ടുകൂട്ടര്‍ക്കും ശത്രുക്കളെ നശിപ്പിക്കാന്‍ സാധിക്കും. അവിടുന്നല്ലാതെ ഞങ്ങള്‍ക്ക് വേറെ ആരും ആശ്രയമില്ല.” എന്നുപറഞ്ഞ് മാരുതി സ്വന്തം രൂപം കൈക്കൊണ്ടു. രാമ ലക്ഷ്മണന്മാരെ തോളിലേറ്റിക്കൊണ്ട് സുഗ്രീവന്റെ അടുത്തേക്ക്‌പോയി. ശ്രീരാമന്‍ അപ്പോള്‍ ശബരിയുടെ വാക്കുകള്‍ ഓര്‍മ്മിച്ചു.
സുഗ്രീവന്റെ അടുത്തെത്തിയപ്പോള്‍ ഹനുമാന്‍ വിളിച്ചുപറയുന്നു. ”സൂര്യപുത്രനായ സുഗ്രീവാ, ഇനി വല്ലായ്‌മയൊന്നും വേണ്ട. നമ്മുടെ മഹാഭാഗ്യം. സൂര്യവംശജാതരായ രാമനും ലക്ഷ്മണനും ആഗ്രഹം സാധിച്ചുകൊടുക്കുന്നതിനായി ഇങ്ങോട്ടെഴുന്നള്ളിയിരിക്കുന്നു.” രണ്ടുകൂട്ടരും സൂര്യനു വേണ്ടപ്പെട്ടവര്‍. അതിനാല്‍ ബന്ധുക്കളാണല്ലോ! അതിനാല്‍ പരസ്പരം സഖ്യം ചെയ്യണം. സന്തോഷത്തോടെ ഇരുകൂട്ടരും ഇരുന്ന് തങ്ങളുടെ പ്രയാസങ്ങള്‍ പങ്കുവച്ചു. സുഗ്രീവന് ബാലിയോടു കണക്കുതീര്‍ക്കണം. ശ്രീരാമന് സീതയെ വീണ്ടെടുക്കണം. സുഗ്രീവന്‍ രാമനോടു പറയുന്നു.
സ്ത്രീരത്‌നമായ സീതയെ ഞാന്‍ കണ്ടുപിടിച്ചു തരുന്നുണ്ട്. അങ്ങയുടെ ശത്രുവിനെ നശിപ്പിക്കാന്‍ ഞാന്‍ മിത്രമായി പ്രവര്‍ത്തിക്കാം. രാവണനെ കുലത്തോടെ നശിപ്പിച്ച് ദേവിയെ നമുക്ക് വീണ്ടെടുക്കാം.
















