തോട്ടപ്പള്ളി: അക്രമികളെ രക്ഷിച്ച് അമ്പലപ്പുഴ പോലീസ്, ആനന്ദേശ്വരത്ത് വീടുകള്‍ അക്രമിച്ച സംഘത്തിന് സ്റ്റേഷന്‍ജാമ്യം നല്‍കി വിട്ടയച്ചത് വിവാദമായി. പുതുവര്‍ഷാഘോഷത്തിന്റെ മറവിലായിരുന്നു ഡിവൈഎഫ്‌ഐ സംഘം ബിജെപി പ്രവര്‍ത്തകരുടേത് ഉള്‍പ്പെടെ വീടുകള്‍, വാഹനങ്ങള്‍ എന്നിവ തകര്‍ത്തത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
കുട്ടന്‍പിള്ളയുടെ മതില്‍ പൂര്‍ണമായും ഇടിച്ചു തകര്‍ക്കുകയും കൊച്ചുപറമ്പില്‍ വീട്ടില്‍ രാജീവന്‍ വീടു നിര്‍മ്മാണത്തിനായി വച്ചിരുന്ന ഇഷ്ടികകള്‍ ദേശീയ പാതയില്‍ വലിച്ചെറിഞ്ഞും ശശികുമാറിന്റെ വേലി പൂര്‍ണമായും പിഴുതുമാറ്റുകയും ബിജെപി സ്ഥാനാര്‍ത്ഥി കൊച്ചുകടൂര്‍ വീട്ടില്‍ പ്രിയാതമ്പാന്റെ വീട് കല്ലെറിഞ്ഞ് തകര്‍ത്തശേഷം ബിജെപി പുന്തല ബൂത്ത് പ്രസിഡന്റ് അറയ്‌ക്കല്‍ ബൈജുവിന്റേതുള്‍പ്പെടെയുള്ള വാഹനങ്ങള്‍ എറിഞ്ഞുതകര്‍ക്കകയും ചെയ്ത പ്രതികള്‍ക്കാണ് അമ്പലപ്പുഴ എസ്‌ഐ നിസ്സാമുദ്ദീന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ജാമ്യം നല്‍കി വിട്ടയച്ചത്.
പ്രദേശത്ത് മയക്കുമരുന്നു വില്പനയും ഉപയോഗവും നടത്തി നിരന്തരം സംഘര്‍ഷം ഉണ്ടാക്കുന്ന സംഘത്തിന് പോലീസ് കൂട്ടുനില്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്.
പ്രദേശത്ത് ബിജെപിയുടെ കൊടിമരം തകര്‍ക്കാന്‍ സിപിഎമ്മും പോലീസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ജാമ്യം നല്‍കിയതിനു പിന്നില്‍ എന്നു പറയുന്നു. അമ്പലപ്പുഴ സ്റ്റേഷനില്‍ നിസാമുദീന്‍ എസ്‌ഐയായി ചുമതല ഏറ്റെടുത്തതുമുതല്‍ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ അക്രമികളെ സഹായിക്കുന്ന നയമാണ് സ്വീകരിക്കുന്നത്.
പ്രതികള്‍ക്കെതിരെ മതിയായ വകുപ്പുകള്‍ ചേര്‍ത്ത നിയമ നടപടികള്‍ സ്വീകരിക്കാത്തപക്ഷം എസ്‌ഐയ്‌ക്കെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് വിവിധ സംഘടനകള്‍ പറഞ്ഞു.
















