ന്യൂദല്‍ഹി : പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഭാരതം പാക്കിസ്ഥാന് കൈമാറി.
ഭീകരരുടെ ഫോണ്‍ വിളികളുടെ തെളിവുകളാണ് ഭാരതം പാക്കിസ്ഥാന് കൈമാറിയത്. കൈമാറിയ തെളിവുകള്‍ക്കനുസരിച്ച് പാക്കിസ്ഥാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകില്ലെന്ന് ഭാരതം അറിയിച്ചു. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ സമയോചിതമായി നടപടി സ്വീകരിക്കണമെന്നും ഭാരതം ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരാക്രമണത്തോടെ പാക്കിസ്ഥാനുമായുള്ള നിലപാട് ഭാരതം കടുപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ തെളിവുകള്‍ കൈമാറിയത്. ഭാരതം നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാരതം നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, ഭാരതത്തില്‍ നിന്ന് എന്ത് വിവരങ്ങളാണ് ലഭിച്ചതെന്ന് പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയില്ല. ഒരേ മേഖലയും പൊതുവായ ചരിത്രവും പങ്കിടുന്ന രാജ്യങ്ങളെന്ന നിലക്ക് ഭാരതവും പാക്കിസ്ഥാനും സംവാദപ്രക്രിയ തുടരണമെന്നും ഭീകരതയെ ചെറുക്കാന്‍ യോജിച്ച സമീപനമുണ്ടാകണമെന്നും പ്രസ്താവനയില്‍ പറയുന്നു.
















