ആലപ്പുഴ: മതിയായ ജീവനക്കാരോ ശാസ്ത്രജ്ഞന്മാരോ ഇല്ലാതെ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പലതും മുന്നോട്ടു കൊണ്ടുപോകാന്‍ നിലവിലെ ശാസ്ത്രജ്ഞന്മാരും മറ്റു ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
1940-ല്‍ സ്ഥാപിതമായ ഗവേഷണ കേന്ദ്രം ഇന്നും പ്രവര്‍ത്തിക്കുന്നത് അന്നു രൂപപ്പെടുത്തിയ സ്റ്റാഫ് പാറ്റേണിലാണ്. നിലവിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് ആവശ്യമായി വരുന്ന ശാസ്ത്രജ്ഞന്മാരുടേയും ജീവനക്കാരുടേയും തൊഴിലാളികളുടേയും കണക്കെടുത്താല്‍ നിലവിലെ എണ്ണം ആവശ്യമായി വരുന്നതിന്റെ വെറും മൂന്നിലൊന്നു മാത്രമാണ്.
ശാസ്ത്രജ്ഞന്മാരുടേയും ജീവനക്കാരുടേയും എണ്ണത്തിലുണ്ടായിട്ടുള്ള വന്‍കുറവ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമല്ല മുപ്പത്തയ്യായിരം ഹെക്ടറിനു മുകളില്‍ വരുന്ന കുട്ടനാടന്‍ കാര്‍ഷികമേഖലയില്‍ അടിക്കടിയുണ്ടാകുന്ന പ്രശ്‌നങ്ങളെ അഭിമുഖികരിക്കുന്നതിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
എന്നിട്ടും പരിമിതസാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വളരെ ചുരുങ്ങിയ കാലത്തിനകം ഇരുപത്തിരണ്ടോളം പുതിയ നെല്‍വിത്തിനങ്ങളാണ് ഇവിടെ പരിക്ഷണം നടത്തി വിജയിപ്പിച്ചെടുത്തത്. ഇരുപതാമതായി വികസിപ്പിച്ചെടുത്ത “ഉമ’ വിത്തിനു കുട്ടനാടന്‍ കര്‍ഷകര്‍ക്കിടയില്‍ വന്‍ സ്വീകരണമാണു ലഭിച്ചത്.
പിന്നീടു പുതുതായി വികസിപ്പിച്ചെടുത്ത പ്രത്യാശയും ഒടുവിലായി ശ്രേയസ് എന്ന നെല്‍വിത്തും കര്‍ഷകര്‍ക്കു പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നു. അളവിനും തൂക്കത്തിനുമൊപ്പം തന്നെ മികച്ച ഗുണവും ലക്ഷ്യം വച്ചുള്ളതാണ് ഇവിടെ നടക്കുന്ന ഇപ്പോഴത്തെ പരിക്ഷണങ്ങളില്‍ ഏറെയും.
കൂടാതെ കുട്ടനാടിന്റെ പ്രത്യേക പരിതസ്ഥിതിയില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ അതിനെ എത്ര ദിവസം വേണമെങ്കിലും അതിജീവിക്കാന്‍ കഴിയത്തക്ക തരത്തിലുള്ള വിത്തിനങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള പരിക്ഷണ ശ്രമങ്ങളും തുടര്‍ന്നുവരുന്നു. എന്നാല്‍ ശാസ്ത്രജ്ഞന്മാരുടേയും മറ്റ് ജീവനക്കാരുടേയും എണ്ണത്തിലുള്ള വന്‍ കുറവ് ഈ രംഗത്തെ വളരെ പെട്ടന്നുള്ള മുന്നേറ്റത്തിന് പ്രധാന തടസമായിരിക്കുകയാണ്.














