ന്യൂദല്‍ഹി: ജസ്റ്റീസ് ആര്‍ എം ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ബിസിസിഐയുടെ ഘടനയിലും ഭരണസമിതിയിലും പ്രവര്‍ത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിച്ചാണു ലോധ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നാണ് സൂചന.
രാഷ്‌ട്രീയക്കാരും വന്‍കിട വ്യവസായികളും ബിസിസിഐയുടെ തലപ്പത്തെത്തുന്നത് നല്ല പ്രവണതയല്ലെന്നും ക്രിക്കറ്റുമായി ബന്ധമുള്ളവരെ മാത്രമായിരിക്കണം പ്രധാന പദവികളിലേക്കു പരിഗണിക്കേണ്ടതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ബിസിസിഐ ഭാരവാഹികള്‍ ആയിരിക്കുന്നവര്‍ സംസ്ഥാന അസോസിയേഷനുകളുടെ അംഗങ്ങളാകരുതെന്നും അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു വരണമെന്നും റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
ഒരു സംസ്ഥാനത്ത് ഒന്നിലധികം ക്രിക്കറ്റ് അസോസിയേഷനുകള്‍ ആവശ്യമില്ല. ബിസിസിഐയുടെ രജിസ്‌ട്രേഷന്‍ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമത്തിനു കീഴില്‍ തുടരാനാകില്ല. ഇതിനെ കമ്പനിയോ ട്രസ്റ്റോ ആക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
ഐപിഎല്‍ വാതുവയ്‌പും ഒത്തുകളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.
















