മാനന്തവാടി: മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ വേട്ടയാടുന്നത് തുടര്‍കഥയാവുന്നു. ശനിയാഴ്ച്ച രാത്രിയില്‍ ചെന്നലായിയില്‍ മുറ്റത്ത് കേളുവിന്റെ വളര്‍ത്തുനായയെ വന്യമൃഗം കൊന്നു തിന്നു. വനപാലകരെത്തി പരിശോധന നടത്തി. പൂച്ചപുലിയാണെന്നാണ് നിഗമനം. കടുവയും മറ്റ് വന്യമൃഗങ്ങളുമെല്ലാം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ തവിഞ്ഞാലിലെ തോട്ടം മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ കൂട്ടിലാക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. അതിനിടെ ഞായറാഴ്ച്ച രാവിലെ തലപ്പുഴ ചുങ്കത്ത് പൂച്ചപുലിയെ റോഡരികില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വാഹനമിടിച്ച് ചത്തതാണെന്നാണ് പ്രാദേശിക നിഗമനം. വനപാലകരെത്തി പൂച്ചപുലിയെ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞ മാസം 28ന് തലപ്പുഴ ചിറക്കരയില്‍ ചെമ്പരത്തി ബഷീറിന്റെ പോത്തിനെയും കടുവ കടിച്ചുകൊന്നിരുന്നു. ഇതേതുടര്‍ന്ന് പ്രതിഷേധം ഉയരുകയും 47500 രൂപ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ തവിഞ്ഞാല്‍ 43-ല്‍ സ്ഥാപിച്ച കൂട് വനംവകുപ്പ് ചിറക്കരയിലേക്ക് മാറ്റി സ്ഥാപിച്ചു. കൂട് സ്ഥാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടുവ കൂടിലകപ്പെടാതെ മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: