ഇംഫാല്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂരിലും അരുണാചല്‍പ്രദേശിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇംഫാലിന് 33 കിലോമീറ്റര്‍ അകലെ ഭാരത-മ്യാന്‍മാര്‍ അതിര്‍ത്തിയിലാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ 4.35 ഓടെയാണ് ഭൂചലനമുണ്ടായത്. പിന്നീട് തുടര്‍ ചലനങ്ങളുമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഇംഫാലില്‍ പുതുതായി പണികഴിപ്പിച്ച ആറുനില കെട്ടിടം തകര്‍ന്നുവീണു. വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു.
കൊല്‍ക്കത്തയിലും പശ്ചിമബംഗാളിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. സിലിഗുരി മേഖലയിലാണ് പ്രകമ്പനം കൂടുതലായി അനുഭവപ്പെട്ടത്. ഇവിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭൂചലനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
ദേശീയ ദുരന്ത നിവാരണ സമിതിയുടെ 90 പേര്‍ അടങ്ങുന്ന പ്രത്യേക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
















