തുംകൂര്‍: കര്‍ണാടകയിലെ തുംകൂരില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ പുതിയ ഹെലികോപ്ടര്‍ നിര്‍മാണ യൂണിറ്റിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. തുംകൂരില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഇത് ഒരു സാധാരണ സ്ഥാപനം ആയിരിക്കില്ല. മറിച്ച് ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കാനുള്ളതായിരിക്കുമെന്ന് ശിലാസ്ഥാപനത്തിനുശേഷം അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രസിദ്ധമായ ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം ആവര്‍ത്തിച്ച മോദി ഭാരതത്തിന്റെ കാര്‍ഷികമേഖല കഴിഞ്ഞ അമ്പതുവര്‍ഷത്തിനിടെ ഒട്ടേറെ വളര്‍ച്ച നേടിയിട്ടുണ്ടെന്ന് അറിയിച്ചു. ഭക്ഷ്യോല്‍പ്പാദനത്തില്‍ ഭാരതം സ്വയംപര്യാപ്തത നേടി. നമ്മുടെ പ്രതിരോധ സൈന്യവും ഒട്ടും പിന്നിലല്ല. സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങളും മറ്റും ലോകത്തില്‍ ഇന്നു ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും മികച്ചതാണ്. എന്നാല്‍ വെടിക്കോപ്പുകളും മറ്റും വിദേശരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യേണ്ടത് ഭാരതം അവസാനിപ്പിക്കേണ്ടതുണ്ട്. വെടിക്കോപ്പുകള്‍ ഇറക്കുമതി ചെയ്യുന്നത് ചെലവേറിയതാണ്. അതുകൊണ്ടുതന്നെ ഇത്തരം സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചു വരികയാണ്.
തുംകൂരില്‍ ആരംഭിക്കുന്ന ഫാക്ടറിയില്‍ 4000ഓളം കുടുംബങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസങ്ങള്‍ ലഭിക്കുന്നതാണ്. 2018ഓടെ ഹെലികോപ്ടര്‍ ഇവിടെ നിര്‍മാണത്തിനു തുടക്കംകുറിക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, ഡി. വി. സദാനന്ദ ഗൗഡ, ആനന്ദ് കുമാര്‍, കേന്ദ്ര സഹമന്ത്രി ജി. എം. സിദ്ധേശ്വര, കര്‍ണാടക ഗവര്‍ണര്‍ വജുഭായി വാല, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
















