മെന്‍ഡോസ: ലോകത്തിലെ ആദ്യദിവ്യാംഗയായ വനിത പര്‍വ്വതാരോഹക അരുണിമ സിന്‍ഹയുടെ നേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടി. എവറസ്റ്റിനുശേഷം ഉയരത്തില്‍ മുന്നില്‍നില്‍ക്കുന്ന അര്‍ജന്റീനയിലെ അക്കോന്‍കഗ്വ പര്‍വതത്തിന്റെ മുകളിലും ഭാരതത്തിന്റെ ത്രിവര്‍ണ പതാക പാറിച്ചാണ് അരുണിമ പുതിയ നേട്ടത്തിലെത്തിയത്.
ഡിസംബര്‍ 12നു തുടങ്ങിയ യാത്ര ഡിസംബര്‍ 25നാണ് അരുണിമ പൂര്‍ത്തിയാക്കിയത്. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് അരുണിമ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഴ് കൊടുമുടികള്‍ കീഴ്‌പ്പെടുത്തണമെന്ന തന്റെ സ്വപ്നത്തിലെ അഞ്ചാമത്തേതും പൂര്‍ത്തിയാക്കിയെന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നെന്നാണ് അരുണിമ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.
ഏഷ്യയ്‌ക്ക് പുറത്തുള്ളതില്‍ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയാണ് അക്കോന്‍കഗ്വ. 6960.8 മീറ്ററാണ് ഇതിന്റെ ഉയരം. ലോകത്തിലെ രണ്ടാമത്തെ എവറസ്റ്റ് എന്നാണ് ഈ കൊടുമുടി അറിയപ്പെടുന്നത്. ഈ ദൗത്യം പൂര്‍ത്തിയാക്കിയതോടെ ഉയരംകൂടിയ അഞ്ച് കൊടുമുടികള്‍ കീഴടക്കിയ ദിവ്യാംഗയെന്ന ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് അരുണിമ. ഓംപ്രകാശിന്റെ പിന്തുണയിലും മാരിയാനോയുടെ നിര്‍ദ്ദേശങ്ങളുമാണ് അക്കോനാകഗ്വ കീഴടക്കാന്‍ തനിക്ക് സഹായകമായതെന്നും അരുണിമ അറിയിച്ചു.
2011ല്‍ ട്രെയിനപകടത്തിലാണ് അരുണിമക്ക് ഒരു കാല്‍ നഷ്ടമായത്. മുട്ടിനുതാഴെ മുറിച്ചുകളഞ്ഞ കാലില്ലാതെ 2013 മെയ് 21 അരുണിമ എവറസ്റ്റ് കീഴടക്കി ലോകത്തെ വിസ്മയിപ്പിച്ചു. നേട്ടത്തില്‍ രാജ്യം അരുണിമയെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
6,960.8 മീറ്റര്‍ ഉയരമാണ് അക്കോന്‍കഗ്വ പര്‍വതത്തിനുള്ളത്. ഏഴു പര്‍വതങ്ങള്‍ കീഴടക്കുക എന്ന തന്റെ സ്വപ്‌നത്തിലെ അഞ്ചാം ലക്ഷ്യമാണ് പിന്നിട്ടതെന്നും ഇനി രണ്ടെണ്ണംകൂടി കഴിഞ്ഞാല്‍ ലക്ഷ്യം പൂര്‍ത്തിയാവുമെന്നും അരുണിമ പ്രതികരിച്ചു.
അഞ്ചു പര്‍വതങ്ങള്‍ കീഴടക്കിയ ആദ്യ വികലാംഗയായ താരമെന്ന റെക്കോര്‍ഡും ഇനി അരുണിമക്ക് മാത്രം.
















