ന്യൂദല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തില്‍ പാക് സര്‍ക്കാരിന് ഏതെങ്കിലും തരത്തില്‍ പങ്കുണ്ടെന്ന് തെളിവുലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട പുതിയ സമാധാന ചര്‍ച്ചകളെ അത് ബാധിക്കുമെന്ന് ബിജെപി വ്യക്തമാക്കി. അതേസമയം വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകില്‍ ഇപ്പോള്‍ യാതൊരുമാറ്റവുമില്ലെന്നും എന്നാല്‍ അതെല്ലാം പാക്കിസ്ഥാന്റെനിലപാടുകളെ ആസ്പദമാക്കിയായിരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
ഭീകരാക്രമണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കും. ഭീകരാക്രമണത്തെ പരാജയപ്പെടുത്തിയ സുരക്ഷാസേനയെ ബിജെപി അഭിനന്ദിച്ചു. ഭീകരാക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുവാന്‍ ഭാരതം ശക്തമാണെന്നും പാര്‍ട്ടി സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷം ലാഹോറിലെത്തി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചിട്ട് ഒരാഴ്ചയെ ആകുന്നുള്ളു. ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ആദ്യപ്രതികരണമെന്താണെന്ന് കാണുവാനും കഴിഞ്ഞതായും ബിജെപി പറഞ്ഞു. ആക്രമണം സംബന്ധിച്ച് നവാസ് ഷെരീഫ് സര്‍ക്കാര്‍ എത്രത്തോളം ഭാരതവുമായി സഹകരിക്കുമെന്നതിനെ ആസ്പദമാക്കിയായിരിക്കും ഭാവിയിലെ നീക്കങ്ങളെന്നും ശര്‍മ്മ പറഞ്ഞു.
ഭാരതം പാക്കിസ്ഥാനുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഭീകരതക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ തുടരുമെന്നും അയല്‍ക്കാരെ മാറ്റാനാവില്ലെന്നും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
അതേസമയം, സാത്താന്റെ സ്വഭാവം വേണമെങ്കില്‍ മാറ്റാനാവുമെന്നും എന്നാല്‍ പാക്കിസ്ഥാന്റെ സ്വഭാവം മാറ്റാനാവില്ലെന്നും ബിജെപി എംപി ആദിത്യനാഥ് പറഞ്ഞു. പാക്കിസ്ഥാനിലെ യഥാര്‍ത്ഥ സര്‍ക്കാര്‍ ഭീകരരും ഐഎസ്‌ഐയുമാണെന്നും അദ്ദേഹം പറഞ്ഞു.
അയല്‍ രാജ്യങ്ങളുമായി സൗഹൃദബന്ധമാണ് ഭാരതം എന്നും ആഗ്രഹിച്ചിട്ടുള്ളതെന്നും ഇതിന്റെയടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
















