അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി തന്റെ നാട്ടില്‍ നിന്നും പോകുന്ന ഭക്തജനങ്ങളുടെ യാത്രയില്‍ അനുഗ്രഹിക്കുന്നതിനായി ഗരുഡാരൂഢനായി എഴുന്നള്ളുന്നുവെന്നാണ് സങ്കല്‍പ്പം. അമ്പലപ്പുഴ പേട്ട സമയത്തും പമ്പാസദ്യസമയത്തും പടിഞ്ഞാറുനിന്ന് ഒരു പരുന്തിനെ കാണാവുന്നതാണ്. ആലങ്ങാട്ടുയോഗക്കാര്‍ക്കും ശബരിമലയില്‍ ചില പ്രത്യേക അവകാശങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
മറവപ്പടയുടെ അക്രമങ്ങള്‍ അവസാനിപ്പിച്ചതിനുശേഷം അവരെ നേരിടുന്നതിന് സഹായിച്ച സംഘങ്ങള്‍ക്കെല്ലാം ചില പ്രത്യേക അവകാശങ്ങള്‍ ക്ഷേത്രാധികാരികള്‍ നല്‍കിയതായി കാണുന്നു. ഭക്തന്‍ കേശവപിള്ളയ്‌ക്ക് സ്വാമിദര്‍ശനം നേരിട്ട് ഉണ്ടായതിനുശേഷം ആ പ്രദേശത്തുനിന്നും അനുഗ്രഹം പ്രത്യേകമുള്ളതായി എല്ലാവരും വിശ്വസിച്ചുവരുന്നു.
പന്തളത്തുനിന്നും എഴുന്നള്ളിച്ചുകൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ മാളികപ്പുറത്ത് സംരക്ഷിക്കേണ്ട ചുമതല ആലങ്ങാട്ടുകാര്‍ക്കാണ്. അതിനായി കെട്ട് താഴ്‌ത്തി വിശ്രമിക്കുന്നതിനായി ആലങ്ങാട്ടുകാര്‍ക്ക് പ്രത്യേക സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. അമ്പലപ്പുഴ യോഗക്കാരെപ്പോല തന്നെ ശബരിമല ക്ഷേത്ര പുനരുദ്ധാരണത്തില്‍ വലിയ സേവനം അനുഷ്ഠിച്ചവരാണ് ആലങ്ങാട്ടുയോഗക്കാര്‍. മറവപ്പടയെ നേരിടുന്നതിനും ആലങ്ങാട്ടുകാര്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്.
ശബരിമലയില്‍ ഒരെഴുന്നള്ളിപ്പും വിളക്കും നടത്തുന്നതിനും എരുമേലിയില്‍ ആന അകമ്പടിയോടും വാദ്യഘോഷങ്ങളോടും കൂടി പേട്ട നടത്തുന്നതിനും ഈ യോഗക്കാര്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ആലങ്ങാട് യോഗക്കാര്‍ ഇപ്പോള്‍ കിഴക്കേയോഗമെന്നും പടിഞ്ഞാറേയോഗമെന്നും രണ്ടാണെങ്കിലും ക്ഷേത്രകാര്യങ്ങളില്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
















