ന്യൂദല്‍ഹി: ദല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ബോംബു വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഇമെയില്‍ സന്ദേശം വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചു. ദല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും ബോംബൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്നു രാവിലെയാണ് ദല്‍ഹി ലക്‌നോ ശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ ബോംബ് വച്ചതായാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ബോംബ് ഭീഷണിയെ സംബന്ധിച്ച വിവരം പോലീസിന് കൈമാറിയത്. ഞായറാഴ്ച രാവിലെ 6.23 ന് ഈ വിവരം ദല്‍ഹി പോലീസ് റെയില്‍വെ അധികൃതരെ അറിയിച്ചു. ഈ സമയം ട്രെയിന്‍ ദല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഗാസിയാബാദ് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു.ബോംബ് ഭീഷണിയെ തുടര്‍ന്ന് മിക്ക തീവണ്ടികളും വൈകിയാണ് ഓടിയത്.
പതിനാല് പ്ലാറ്റ്‌ഫോമുകളുള്ള ദല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ രാജ്യത്തെ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലൊന്നാണ്. ദല്‍ഹി റെയില്‍വേ സ്‌റ്റേഷനു പുറമെ രാജ്യത്തെ മറ്റുചില പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ട്. പഠാന്‍കോട്ടിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.
പഞ്ചാബിലെ പഠാന്‍കോട്ടില്‍ ഭീകരാക്രമണം നടന്നതിന്റെ തൊട്ടു പിന്നാലെയുണ്ടായ ബോംബു ഭീഷണിയെ വളരെ ഗൗരവമായാണ് എ.ടി.എഫും സുരക്ഷാ അധികൃതരും കാണുന്നത്. പഞ്ചാബിലേക്ക് കൂടുതല്‍ ഭീകരര്‍ കടന്നിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് പഠാന്‍ കോട്ടിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക എന്‍.ഐ.എ സംഘം പഠാന്‍കോട്ടിലെത്തി.
















