ചണ്ഡിഗഢ്: രാജ്യത്തെ നടുക്കി പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ നാല് ഭീകരരും രണ്ട് സൈനികരുമടക്കം ആറു പേര്‍ മരിച്ചു. ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വ്യോമസേനയുടെ കേന്ദ്രത്തിനു നേരെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആക്രമണമുണ്ടായത്.
നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് വ്യോമത്താവളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഭീകരരെ സൈന്യം ചെറുത്തതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തുടര്‍ന്ന് രൂക്ഷമായ വെടിവയ്‌പുണ്ടായത്. ഒരു എസ്‌പിയുടെ വാഹനം തട്ടിയെടുത്ത് സൈനികരുടെ വേഷത്തില്‍ എത്തിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
പുലര്‍ച്ചെ ആയിരുന്നതിനാല്‍ സൈനികരുടെ വേഷത്തിലെത്തിയ ഭീകരരെ പെട്ടെന്ന് തിരിച്ചറിയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. തിരിച്ചറിയുന്‌പോഴേക്കും വെടിവയ്‌പ് തുടങ്ങിയിരിക്കുന്നു. ഇതോടെ സൈന്യം പ്രത്യാക്രമണം തുടങ്ങി. ഏറ്റുമുട്ടല്‍ കടുത്തതോടെ ദേശീയ സുരക്ഷാ കമാന്‍ഡോകളും (എന്‍എസ്ജി) സ്ഥലത്തെത്തി. ഹെലികോപ്ടറിലും എന്‍.എസ്.ജി സംഘം നിരീക്ഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ഗുര്‍ദാസ്പൂര്‍ പോലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിംഗിനെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ജമ്മുപത്താന്‍കോട്ട് ദേശീയപാതയില്‍ വച്ച് വാഹനം തടഞ്ഞു നിറുത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു എസ്പിയെ തട്ടിക്കൊണ്ടു പോയത്. അഞ്ചു കിലോമീറ്റര്‍ പിന്നിട്ട ശേഷം എസ്പിയേയും വാഹനത്തേയും ഉപേക്ഷിച്ച് മറ്റൊരു വാഹനം തട്ടിയെടുത്ത് ഭീകരര്‍ കടന്നു കളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
















