ന്യൂദല്‍ഹി: ദ്രവീകൃത പ്രകൃതി വാതകം( എല്‍എന്‍ജി) നിലവിലുള്ളതിന്റെ പകുതി വിലയ്‌ക്ക് ഭാരതത്തിന് നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് പെട്രോനെറ്റ് എല്‍എന്‍ജിയും ഖത്തര്‍ റാസ്ഗ്യാസുമായി കരാറായി. വമ്പന്‍ ഗ്യാസ് നയതന്ത്ര വിജയമെന്നാണ് ദേശീയ മാധ്യമങ്ങള്‍ കരാറിനെ വിശേഷിപ്പിച്ചത്.
നിലവില്‍ ഒരു യൂണിറ്റ് എല്‍എന്‍ജി 12 മുതല്‍ 13 ഡോളര്‍ വരെവിലയ്‌ക്കാണ് ഭാരതം വാങ്ങുന്നത്. ഇത് ആറു മുതല്‍ ഏഴു വരെ ഡോളര്‍ വിലയ്‌ക്ക് 25 വര്‍ഷത്തേക്ക് ഭാരതത്തിന് നല്‍കാനാണ് ഖത്തറുമായി കരാറായത്. ഇതിനു പുറമെ 12,000 കോടി രൂപയുടെ ബാധ്യത എഴുതിത്തള്ളാനും ഖത്തര്‍ തീരുമാനിച്ചു.
2015ല്‍ വാങ്ങാമെന്ന് സമ്മതിച്ച അത്രയും ഗ്യാസ് വാങ്ങാത്തതിനാല്‍ നല്‍കേണ്ടിവരുമായിരുന്ന തുകയാണ് ഖത്തര്‍ എഴുതിത്തള്ളിയത്.
ഖത്തറില്‍ നിന്ന് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഭാരതം. ചൈനയാണ് ഒന്നാമത്. കരാര്‍ വലിയ നേട്ടമാണെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.പുതിയ കരാര്‍ ഭാരതത്തിന് 4700 കോടിയുടെ ലാഭമുണ്ടാക്കും.ഇതുവഴി രാസവള സബ്‌സിഡി ഭാരവും കുറയ്‌ക്കും.
















