ന്യൂദൽഹി: വാഹന നിയന്ത്രണ പരിഷ്കാരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അസാധ്യമെന്ന് കരുതിയ നേട്ടം ദൽഹി കൈവരിച്ചിരിക്കുകയാണ്. ഈ യത്നത്തിൽ ദൽഹി മറ്റു നഗരങ്ങൾക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.
നിയമപ്രകാരം ഒറ്റയക്കത്തിൽ അവസാനിക്കുന്ന കാറുകൾ മാത്രമായിരുന്നു ഇന്ന് നിരത്തിലിറങ്ങേണ്ടിയിരുന്നത്. ഇരട്ടയക്ക നമ്പറുള്ള അപൂർവം കാറുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ വാഹനങ്ങൾക്കായി 15 ദിവസത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണ് നിയന്ത്രണം നടപ്പാക്കുന്നത്.
നിയന്ത്രണം തെറ്റിച്ച് ചില വാഹനങ്ങൾ മാത്രമേ റോഡിലിറങ്ങിയുള്ളൂ. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് നിയന്ത്രണം. നിയമം നിലവിൽ വന്ന ശേഷം തെറ്റിച്ചെത്തി വാഹനങ്ങളെ തടഞ്ഞ് ഡ്രൈവർമാർക്ക് പിഴ ചുമത്തി. 2,000 രൂപയാണ് പിഴ.
വനിതകൾ, വിവിഐപികൾ, സിഎൻജി കാറുകൾ, ഇരുചക്ര വാഹനങ്ങൾ, മെഡിക്കൽ എമർജൻസി വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഇളവ് നൽകിയിട്ടുണ്ട്.
















